ഒരു അയ്യര്‍ക്ക് ചേര്‍ന്ന പണിയല്ല ഡോ.സുബരാമയ്യര്‍ ചെയ്യുന്നത് എന്ന സംസാരം ഭൂരിപക്ഷം പ്രൊഫര്‍മാരുടേയും ഇടയിലുണ്ടായിരുന്നു. ജനറല്‍ വിഭാഗത്തില്‍ അര്‍ഹരായ മത്സരാര്‍ത്ഥികളുണ്ടായിട്ടും രാമര്‍ എന്ന ഷെഡ്യൂള്ഡ് കാസ്റ്റുകാരനും തിരുച്ചിറപ്പള്ളിയിലെ അന്തിയൂരെന്ന കുഗ്രാമത്തില് നിന്നു് വരുന്നവനുമായ ഒരുത്തന് റിസേര്‍ച്ച് സ്കോളറായി പ്രവേശനം നല്കിയതോടെയാണ് മേല്‍പ്പറഞ്ഞ സംസാരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ ഇടതുപക്ഷക്കാരായ പ്രൊഫസര്‍മാര്‍ക്കിടയില്‍ പ്രസ്തുത സംഭവം വലിയ മതിപ്പുണ്ടാക്കി. യൂണിവേഴ്സിറ്റിയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ബ്രാഞ്ചില്‍ സുബരാമയ്യരെ ഉള്‍പ്പെടുത്തണം എന്നുവരെ ചര്‍ച്ചയുണ്ടായി. രാമറിനാണെങ്കിലോ, താന് എംഎ പഠിച്ച അതെ ഹിസ്റ്ററി ഡിപ്പാര്ട്ട്മെന്റില്‍, വിഭാഗം തലവാനായ സുബരാമയ്യരുടെ കീഴില്‍ തന്നെ പിഎച്ഡിയും ചെയ്യാന്‍ കിട്ടിയ അവസരം ഉണ്ടാക്കിയ സന്തോഷം ചില്ലറയല്ല. രാമറിന്റെ ചെറുപ്പത്തിലേ അമ്മാവും അപ്പാവും മരിച്ചതാണ്. തീപ്പെട്ടിക്കമ്പനിയില്‍ ജോലിക്ക് പോകുന്ന അക്കയാണ് വളര്‍ത്തിയത്. അഞ്ചാംക്ലാസുമുതല്‍ രാമറും പറ്റാവുന്ന പണിയൊക്കെ എടുത്തിട്ടുണ്ട്. എന്നാലും പഠിപ്പ് മുടങ്ങാന് അനുവദിച്ചിട്ടില്ല. തലേദിവസം പാതിരാവരെ പണിയെടുത്താലും പിറ്റേന്ന് ക്ലാസില്‍ പോയിരിക്കും. എന്തുപണിയും ചെയ്യും. ഇക്കാര്യം ഡോ.അയ്യര്‍ക്കും നന്നായിട്ടറിയാം. അതുകൊണ്ട് തന്നെയാണ് അര്‍ഹരായവരെ തള്ളി രാമറിനുതന്നെ പ്രവേശനം കൊടുത്തത്. തന്റെ 'കീഴില്'രാമറിനെ പഠിപ്പിക്കാനുള്ള മോഹം!
ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായമ അവര്‍ക്കിടയില്‍ ഉള്ളതായി യൂണിവേഴ്സിറ്റിയില്‍ ആരും പറയില്ല. കാരണം ഡോ.അയ്യര്ക്കെപ്പോഴും രാമര്‍ കൂടെ വേണം. ഇടനേരങ്ങളില്‍ കോഫിയും ഉഴുന്നുവടയും കഴിക്കുന്നത് മുതല് ദിവസേന ഫ്ലാറ്റില് നിന്ന് യൂണിവേഴ്സിറ്റിയിലേക്കും അതുപോലെ തിരിച്ചും ഉള്ള കാറ് യാത്ര പോലും ഇരുവരും ഒരുമിച്ചാണ്. ചില ദിവസങ്ങളില്‍ അയ്യരുടെ ഫ്ലാറ്റിലാണ് രാമറിന്റെ കിടപ്പ് പോലും. ഒരുമിച്ചുള്ള കാറ് യാത്രകള്‍ തൂടങ്ങിയത് കഴിഞ്ഞ കൊല്ലമാണ്. ഗവേഷണത്തിന് ചേര്ന്ന് നാലുമാസം കഴിഞ്ഞ്, ഒരു ദിവസം വൈകുന്നേരം ഡോ. അയ്യര് വീട്ടിലേക്ക് പോകാനായി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച് സാധിക്കാതെ ഓഫീസിലേക്ക് തിരിച്ച് വന്നു. രാമറ് ഓഫീസിലിരിപ്പുണ്ടായിരുന്നു, റിസേര്‍ച്ച് സ്കോളേഴ്സിന് പ്രത്യേകം മുറിയൊന്നുമില്ല. ഡോ.അയ്യര്‍ മേശമേലിരിക്കുന്ന ടെലഫോണ്‍ ഡയറക്റ്ററിയില്‍ നിന്നും ഒരു നമ്പറെടുത്ത് ഫോണില്‍ കറക്കി.
"ഇത് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ത് പേശ്റെ,
"കാറ് കംപ്ലേന്റ് ആയാച്ച്,"
"ആമ, ആമ.."
"യൂണിവേഴ്സിറ്റി സൌത്ത് ഗേറ്റ്ക്ക് പിന്നാടിയാ പാര്‍ക്ക് പണ്ണീട്ട്ര്‍ക്കെ".
"എങ്കെ പേര് സുബ്ബരാമയ്യര്".
"ചെരി, ചെരി, കണ്ടിപ്പ." ഫോണ് വച്ച് രാമറിനോട് ചോദിച്ചു.
"നിനക്ക് ഡ്രൈവിംഗ് തെരിയുമാ?"
"തെരിയും സര്". രാമര്‍ പറഞ്ഞു.
"കാര്‍ കംപ്ലൈന്റ് ആയാച്ച്, റിപ്പയര്‍ ചെയ്യാനാളു വരും, നീ അയാള്‍ വരുന്നതും കാത്ത് സൌത്ത് ഗേറ്റില് പോയി നില്ക്ക്, നേരെയാക്കിയതിന് ശേഷം കാറൊന്നു വീട്ടിലേക്കെത്തിക്കണം. വൈകീട്ട് വേറെ തെരക്കൊന്നും ഇല്ലല്ലോ?"
"ഇല്ല സര്‍".
"ഞാന് ഒരു ഓട്ടോ പിടിച്ച് പോവുകയാണ്."
"ഓകെ സാര്‍, കണ്ടിപ്പ, ഞാന് കാറുമായി വരാം".
കാറു നേരെയാക്കി. കാറ് ഓടിച്ച് രാമര്‍ ഹെഡിന്റെ വീട്ടിലെത്തിച്ചു. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ജീപ്പും ഓട്ടോറിക്ഷയും സ്ഥിരമായി ഓടിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മാരുതി എയ്റ്റ് ഹണ്ട്രഡ് ഓടിക്കുന്നത് ആദ്യമായാണ്. എന്നാല്, അന്നുമുതല് രാമറ് സ്ഥിരമായി മാരുതി കാര്‍ ഓടിക്കാന് തുടങ്ങി. ഡോ.അയ്യരുടെ ഡ്രൈവറായിട്ട്. പിന്നീടങ്ങോട്ട് ഡോ.അയ്യര്‍ കാറോടിച്ചിട്ടേയില്ല എന്ന് പറയാം. അങ്ങനെ സാര്‍ പങ്കെടുക്കുന്ന പല സെമിനാറുകളിലും സാറോടൊപ്പം പങ്കെടുക്കാന് രാമറിനു അവസരം കിട്ടി. സെമിനാറുകള്‍ മാത്രമല്ല, ആവടിയില്‍ വച്ച് നടന്ന പ്രൊഫസര്‍ സുമതിയുടെ മകളുടെ കല്യാണത്തിനു പങ്കെടുക്കാനുള്ള അവസരവും കിട്ടിയത് സാറിന്റെ ഡ്രൈവറായിപോയിട്ടാണ്. അവിടെ മുതലാണ് അയ്യര്‍ സാറുടെ വീടിനും കുടുംബത്തിനും രാമര്‍ ഒരു അവിഭാജ്യഘടകമാകുന്നത്. രാമറില്ലാതെ വീട്ടില് ഒരുകാര്യവും നടക്കില്ല എന്ന അവസ്ഥ പോലും ഉണ്ടായി. വീട്ടുസാധനങ്ങള് വാങ്ങല്‍, കറണ്ടുബില്ലടക്കല്‍ എന്നിവയില്‍ തുടങ്ങി പെയ്ന്റിംഗ് പൂര്ത്തിയാക്കാതെ വച്ചിരുന്ന മുറിയില്‍ നല്ല വെടിപ്പായി വെള്ളപൂശിയത് പോലും അവനായിരുന്നു. ഏല്‍പ്പിക്കുന്ന എല്ലാ ജോലിയും ഉഷാറാക്കി ചെയ്യും, പൂര്ണ്ണമായ ആത്മാര്‍ത്ഥതയോടെ, അയ്യര്‍ സാറിന് വേണ്ടി ജോലി ചെയ്യുക എന്നാല്‍ രാമറിനൊരു ആവേശം പോലെയാണ്. നല്ല ഭക്ഷണം കിട്ടിയിരുന്നു. അതും സാറിന്റെ ഭാര്യ ലക്ഷ്മിയക്കാവുടെ കൈകൊണ്ടുണ്ടാക്കിയത്. ഈ സുവര്ണ്ണാവസരങ്ങള്‍ക്കെല്ലാം നിമിത്തമായ ആ കാറു കേടാവലിനെ ഒരു പ്രത്യേക സ്നേഹത്തോടെ ഓര്‍ക്കാറുണ്ട് ഇരുവരും. ഇരുവര്ക്കുമിടയില്‍ സംഘര്‍ഷത്തിന്റേയോ, അസംതൃപ്തിയുടേയോ ഒരു കണിക പോലും കാണാനാകില്ല. ആകെയുള്ളത് അധീശത്വവും വിധേയത്വവും മാത്രം.
ഡോ.അയ്യരോട് മറ്റ് പ്രൊഫസര്‍മാര്‍ക്കുള്ളതിനേക്കാള്‍ അതൃപ്തി എക്ണോമിക്സ് ഡിപ്പാര്ട്ട്മെന്റിലെ പ്രൊഫ.മഹേശ്വരിക്കുണ്ടായിരുന്നു. കാരണെമെന്താ? ഡോ.അയ്യരും പ്രൊഫ.മഹേശ്വരിയും തമ്മിലുള്ള ബന്ധം അങ്ങനെയായിരുന്നു. പ്രൊഫ.മഹേശ്വരിക്കാണെങ്കിലോ, രാമറിനെ സ്കോളറാക്കിയ നടപടി മൂലം അയ്യര് സാറോടുള്ള അവരുടെ താത്പര്യം (നേരിയതോതിലാണെങ്കിലും) കുറായാന് പോലും കാരണമായി. സാര്ക്കു മാഡത്തോടുള്ള ഈ പ്രത്യേക താത്പര്യത്തെ പറ്റി രാമറിനും നന്നായിട്ടറിയാം. എന്നാല്‍ അയ്യര്‍സാറുമായുള്ള പ്രത്യേകബന്ധത്തെ ഉപയോഗിച്ച് രാമറിന്റെ മേല്‍ അധികാരം കാണിക്കാനുള്ള പ്രൊഫ.മഹേശ്വരിയുടെ ഒരു പരിപാടിയും അവന്‍ അനുവധിച്ചില്ല. അങ്ങനെയിരിക്കെ, അയ്യര്‍സാര്‍ എഴുതി പുറത്തിറക്കാന് പോകുന്ന പുസ്തകത്തിന്റെ പ്രൂഫ് റീഡിംഗ് പണി ചെയ്തുരുന്നത് രാമറാണ്. പകല് ഓഫീസിലും രാത്രിസമയം സാറിന്റെ വീട്ടിലുമായി തകൃതിയായ ജോലി. അന്ന് അയ്യര്‍ സാര്‍ നേരത്തേ വീട്ടിലേക്ക് തിരിച്ചിരുന്നു. രാത്രി എട്ടു മണിയോടെ രാമറും സാറിന്റെ വീട്ടിലെത്തി. രാമര്‍ കയറിച്ചെല്ലുമ്പോള്‍ അയ്യര്‍സാറും ലക്ഷ്മിയക്കാവും അത്താഴം കഴിക്കുകയായിരുന്നു. നിറചിരിയോടെ ലക്ഷ്മിയക്കയാണ് വാതില്‍ തുറന്നത്. വീടിനകത്ത് കടന്നതും അയ്യര്‍സാര്‍ വിളിച്ചു,
ഏയ് രാമറ്.. ഇങ്കെ വാങ്കോ. അസാധാരണമായ ഗൌരവം ആ വിളിയിലുള്ളതായി രാമറിന് മനസിലായി. രാമറ് അടുത്തേക്ക് ചെന്നു.
"സാര്" സവിനയംമോഡില് രാമര് ഉത്തരങ്ങള് പറയാന് തുടങ്ങി.
"എന്നായിത്, ആഫ്റ്റര്‍നൂണ്‍ വന്ത് പ്രൊഫ.മഹേശ്വരി ഓഫീസിലേക്ക് വിളിച്ചിരുന്നോ?"
പ്രൂഫ് റീഡിംഗ് ചെയ്തുകൊണ്ടിരുന്ന സമയത്ത് മഹേശ്വരിമാഡം തന്നെ വിളിച്ചതും അടുത്ത മാസം ബോംബെ യൂണിവേഴ്സിറ്റിയില്‍ വച്ച് നടക്കുന്ന ഇന്ത്യന്‍ എകണോമിക്സ് കോണ്‍ഫറെന്‍സിന് പോകാനുള്ള ടിക്കറ്റ് ബുക്ക്ചെയ്യാന്‍ അന്നേരം സെന്‍ട്രല്‍ റെയില്‍ വേ സ്റ്റേഷന്‍ വരെ പോകണമെന്ന് തന്നോട് ആവശ്യപ്പെട്ടതും, താന്‍ അത് നിരസിച്ചതും രാമറിന്റെ മനസില്‍ മിന്നി.
"ഓഫീസിലെ ഫോണിലേക്കാണ് വിളിച്ചത്, മാഡത്തിന് ബോംബെക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന് സ്റ്റേഷനില്‍ പോവാന് പറഞ്ഞു, ഞാനപ്പോള് പ്രൂഫ് റീഡിംഗിന്റെ തിരക്ക്.."
രാമര്‍ മറുപടി മുഴുമിപ്പിക്കുന്നതിന് മുമ്പേ ഡോ.അയ്യര് കേറി ഇടപെട്ടു. നിന്റെ വിശദീകരണമൊന്നും വേണ്ട, അദ്ധ്യാപകരെ ബഹുമാനിക്കാന് പഠിക്കണം. നീയീ യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റാണ്, എന്റെ മാത്രം സ്റ്റുഡന്റല്ല. ഒരു യൂണിവേഴ്സിറ്റി സ്റ്റുഡന്റിന്റെ നിലവാരത്തിലേക്ക് എനിയെങ്കിലും ഉയരാന് നോക്ക്. ഡോ.അയ്യര് കടുപ്പിച്ചു പറഞ്ഞു. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന ലക്ഷ്മിയക്ക സംഭാഷണം കേട്ട് ഭര്‍ത്താവിനെ നോക്കി. ഇത്ര കടുപ്പിച്ച് പറയേണ്ട അവസ്ഥ ഇതിന് മുമ്പോന്നും സാറിന് വന്നിട്ടോ രാമര് വരുത്തിച്ചിട്ടോ ഇല്ല. അല്പനേരം മിണ്ടാതെ നിന്നതിന് ശേഷം രാമറ് പറഞ്ഞു.
"ഞാന് നാളെ ബുക്ക് ചെയ്തോളാമെന്ന് പറഞ്ഞതാണ്"
കൂടുതലൊന്നും പറയാന് അനുവദിക്കാതെ വീണ്ടും ഡോ.അയ്യര് ഇടപെട്ടു.
"അനുസരണയാണ് ആദ്യം വേണ്ടത്. മഹേശ്വരി പറഞ്ഞത് ചെയ്താലെന്താ നിനക്ക്?"
മറുപടിയിലോ വര്ത്തമാനത്തിലോ വലിയ കാര്യമില്ലെന്ന് രാമറിന് മനസിലായി. രാമറൊന്നും മിണ്ടിയില്ല. പക്ഷെ ലക്ഷ്മിയക്ക മിണ്ടി.
"അവങ്കളെ എത്ക്ക് നിങ്ങളിങ്ങനെ ചീത്ത പറയുന്നേ, നിങ്ങളു പറയുന്ന ജോലിയെല്ലാം കൃത്യമായി ചെയ്യാറുണ്ടല്ലോ.
"ഇവനൊരു യൂണിവേഴ്സിറ്റി സ്റ്റുഡന്റല്ലേ, യൂണിവേഴ്സിറ്റിയോടൊരു ഉത്തരവാദിത്തം വേണ്ടേ". അയ്യര് പറഞ്ഞു. ഇപ്പറഞ്ഞതോന്നും ഇന്നുണ്ടായ സംഭവത്തിന്റെ മാത്രം കാരണം കൊണ്ടല്ലെന്നും കുറച്ച് കാലമായി കുമിഞ്ഞ് കൂടിയതോ കുത്തിനിറച്ചതോ ആയ ദേഷ്യമാണെന്നും, അതിപ്പൊള്‍ അണപോട്ടി വന്നതാണെന്നും രാമറിന് ഓടി.
"നമുക്കറിയാലോ ഇവനെ. ഒന്നൊന്നര വര്‍ഷമായില്ലേ ഇവനെ കാണാന്‍ തുടങ്ങിയിട്ട്. ഈകാലത്തിനിടെ എന്തെങ്കിലും ഉത്തരവാദിത്വമില്ലായ്മ കാണിച്ചിട്ടുണ്ടോ?" ലക്ഷ്മിയക്ക രാമറ് പക്ഷത്ത് തന്നെ ഉറച്ച് നിന്നു.
"ഇപ്പൊക്കാണിച്ചത് കണ്ടില്ലേ, ആ മഹേശ്വരി എന്നെ വിളിച്ചിരുന്നു. അവരും യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറല്ലേ, ഒരു സഹായം ചോദിച്ചാല്‍ ഇവനു ചെയ്താലെന്താ? അയ്യര്സാര് വിട്ടില്ല.
വേറെയേതോ പ്രൊഫസര് കൊടുത്ത പണി ചെയ്തില്ലെന്ന് പറഞ്ഞ് നിങ്ങളെന്തിനാ ഇവനോട് ചൂടാവുന്നേ?" ലക്ഷ്മിയക്ക പോയിന്റിലേക്ക് കടന്നു. 'വേറെയേതോ ലേഡി പ്രൊഫസര്' എന്ന് പറയാന് വന്നതിനെ എഡിറ്റ് ചെയ്താണ് ചോദിച്ചത്. ലക്ഷ്മിയക്കാവുടെ കാതലായ പ്രശ്നം അതാണല്ലോ. എന്നാല് ഒരു എഡിറ്റുമില്ലാതെ ഡോ.അയ്യര് സാറുടെ തിരിച്ചടിച്ചു.
"ഞാനിവനെ ചീത്ത വിളിക്കും. അവനെന്റെ സ്റ്റുഡന്റാ, ഇത് സ്റ്റുഡന്റ്-ടീച്ചര് റിലേഷന്‍ഷിപ്പാണ്. ഞാനിവനെ ചീത്തവിളിക്കുന്നത് നിനക്ക് സഹിക്കാത്തതെന്താ? നിനക്കെന്താ ഇവനൊടിത്ര താത്പര്യം?" ഭാര്യയുടെ മുഖത്തേക്ക് അയാള്‍ അല്പനേരം തുറിച്ച് നോക്കി.അത് തന്ത്രപരമായ ഒരു കൌണ്ടര്‍ അറ്റാക്കല്ല, ജെനുവിന്‍ ക്വസ്റ്റിനാണെന്ന് രാമറിനും ലക്ഷ്മിയക്കാവുക്കും മനസിലായി. പിന്നെ സംസാരമൊന്നും ഉണ്ടായില്ല.
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം, രാമര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം മതിയാക്കി തൊട്ടപ്പുറത്തെ പ്രസിഡന്‍സി കോളെജില്‍ മറ്റൊരു ഗൈഡിനു കീഴില്‍ ഗവേഷണ പഠനം തൂടരാന്‍, ഹിസ്റ്ററി വിഭാഗം തലവനായ ഡോ.സുബ്ബരാമയ്യറില്‍ നിന്നും കിട്ടേണ്ട നൊ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് ഉടന്‍ വിദ്യാര്‍ത്ഥിക്ക് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചു.

:-)
ReplyDelete