Tuesday, August 2, 2016

പട്ടാള ബോഗി

അഹമ്മദാബാദ് നിന്ന് മുബൈക്ക് പോകാന്‍ ഒരു മണിക്കൂര്‍ മുമ്പ് റെഡിയായി പ്ലാറ്റ്ഫോമില്‍ കിടക്കുന്ന വണ്ടിയുടെ ഒടുക്കത്തെ വര്‍ക്കിങ് ക്ലാസ് കംപാര്‍ട്ട്മെന്റില്‍ സൂഫി ഒന്നരമണിക്കൂര്‍ മുമ്പേ സ്ഥലം പിടിച്ചിരുന്നു. ബോഗിയില്‍ കറണ്ടില്ല. ഇരുട്ടും ചൂടും. അകം മുഴുവന്‍ കാണാന്‍ പറ്റുന്ന ഒരിടത്ത് ലഗ്ഗേജ് ബെര്‍ത്തിന്റെ മോളില്‍ സൂഫി മൊബൈലില്‍ കളിച്ച് കുത്തിരുന്നു. ഓരോരുത്തരായും, സകുടുംബമായും, കപ്പ്ള്‍സായും ആളുകള്‍ കയറി തുടങ്ങി. വലിയ തിരക്കില്ല. അതിനിടെ ഇംഗീഷ് സംസാരിക്കുന്ന 3 ബുദ്ധിജീവികള്‍ ആക്രാന്തത്തോടെ കയറിവന്നു. മൊബൈല്‍ ടോര്‍ച്ച് അടിച്ച് 3 പേരും മൂന്ന് ലഗ്ഗേജ് ബെര്‍ത്തുകള്‍ ഒക്യുപൈ ചെയ്തു. രണ്ട് ചിങ്കികളും ഒരു മല്ലുവും. പിഎച്ഡി സ്കോളേഴ്സ് ആണെന്ന് ഇരുട്ടായിരുന്നിട്ട് പോലും മുഖംനോക്കി മനസിലാക്കി സൂഫി. സൂഫിക്ക് സന്തോഷമായി. എന്റര്‍ട്ടേന്‍മെന്റായല്ലോ. ബെര്‍ത്തിലേക്ക് ഏന്തിവലിഞ്ഞു കേറുന്നതിനിടക്ക് തടിച്ച് കൊഴുത്ത ഒരു ബഹന്‍ ചിങ്കിയോട് ഇത് ഞങ്ങടെ സീറ്റാണെന്ന് ഹിന്ദിയില്‍ പറഞ്ഞു നോക്കി. ആരെന്ത് പറഞ്ഞാലും ഒന്നും കേള്‍ക്കാത്ത പോലെ കിടന്നോളാന്‍ മല്ലു ഇംഗ്ലീഷില്‍ വിളിച്ചു പറഞ്ഞു. ബുദ്ധിജീവികള്‍ മൂന്നും ബാഗ് തലക്ക് വച്ച് അവിടെ മലച്ചു. മൊബൈല്‍ എടുത്തു പണി തൊടങ്ങി. നാലു മിനിട്ട് മാത്രമേ ആ സമാധാനം ഉണ്ടായുള്ളു. ചിങ്കികള്‍ കിടക്കുന്ന മുഖാമുഖമായ കുപ്പയുടെ താഴെ ഒരു ഫാമിലി വന്നതോടെയാണ് സമാധാനം പോയത്. അതൊരു 5 അംഗ പട്ടാള ഫാമിലിയായിരുന്നു. 3 സുന്ദരികളായ പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബം. ഈ കംപാര്‍ട്ട്മെന്റ് ആര്‍മിക്ക് ഉള്ളതാണെന്നും ഈ കൂപ്പ പൂര്‍ണ്ണമായി ഈ കുടുംബത്തിന് വേണമെന്നും അവര്‍ ആവകാശവാദമുന്നയിക്കാന്‍ തുടങ്ങി. പട്ടാളം എന്ന് കേട്ടതോടെ ബുദ്ധിജീവികള്‍ ഒഴികെയുള്ളവര്‍ വലിയ വാദത്തിനൊന്നും പോകാതെ സീറ്റൊഴിയാന്‍ തുടങ്ങി. പക്ഷെ ബുജികള്‍ വിട്ടുകൊടുത്തില്ല.
ഈ കംപാര്‍ട്ട്മെന്റിന് പുറത്തോ മറ്റെവിടെയും ഇത് ആര്‍മിക്ക് റിസര്‍വ് ചെയ്തതായി ഞങ്ങള്‍ കണ്ടില്ലല്ലോ?
അത് ഞങ്ങളുടെ കുറ്റമല്ല. റെയില്‍വേ അധികാരികളോട് പോയി ചോദിക്കു. അപ്പോ നേരത്തെ വന്ന് സ്ഥലം പിടിച്ച് ഞങ്ങള് ശശി. അല്ലേ?
അതെ, ഞങ്ങള്‍ ഇന്ത്യന്‍ ആര്‍മിയാണ്. കാര്‍ഡുണ്ട്. എന്ന് ഒരു പെണ്ണെര്‍ത്തി.
നമ്മളും കൊറെ ആര്‍മിയൊക്കെ കണ്ടതാണ്. ഇങ്ങനെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ മറ്റുള്ളവരുടെ സ്ഥലം ഒക്യുപേ ചെയ്യാന്‍ നിങ്ങള്‍ അവകാശമില്ല. എന്ന് ഒരു ബുജിയുടെ ആര്‍ഗ്യുമെന്റ്. പ്രകൃതിദുരന്തങ്ങള്‍, മറ്റ് അടിയന്തിരസാഹചര്യങ്ങള്‍ എന്നിവയല്ലാതെ ആര്‍മിക്ക് ഇത്തരത്തില്‍ യാത്രചെയ്യാന്‍ അവകാശമില്ലെന്ന് നിയമം വച്ച് നിരത്തി അടുത്ത ബുജി കീച്ചി. ഇതെന്താ അടിയന്തിരാവസ്ഥയോ എന്നായി മൂന്നാമത്തെ ബുജി. അങ്ങനെ ആകെ ബഹളം. പട്ടാളത്തിന് എന്ത് ആര്‍ഗ്യുമെന്റ്? അതിര്‍ത്തില്‍ പട്ടാളം.. മൈന്സ് ഡിഗ്രി സെല്‍ഷ്യസ്.. മഞ്ഞു മല.. പട്ടാളം ബുജികള്‍ക്ക് വേറെ രണ്ട് ബെര്‍ത്ത് അറേഞ്ച് ചെയ്തു കൊടുത്ത് സംഗതി തല്‍ക്കാലം പരിഹരിച്ചു. പട്ടാളം ഒക്യുപ്പൈ ചെയ്തപ്പോള്‍ സീറ്റ് ന‍ഷ്ടപ്പെട്ട ഒരു ബഹന് തന്റെ ബെര്‍ത്ത് നല്‍കി മല്ലു മാതൃകയുമായി. അപ്പോഴേക്കും കറണ്ട് വന്നു. ഫാനുകള്‍ തിരിഞ്ഞു. വണ്ടി എടുക്കാന്‍ എനിയും സമയമെടുക്കും. മൂന്ന് ബുദ്ധിജീവികളും ‍ഡോറിന് തൊട്ടുള്ള രണ്ട് ലഗ്ഗേജ് ബര്‍ത്തുകള്‍ ഷെയര്‍ ചെയ്ത് മുഖാമുഖമിരുന്നു. ബുജികളുടെ കംപ്ലീറ്റ് മൂടും പോയി. കറണ്ട് വന്നതോടെ ഒരു യന്ത്രം, ഒരു കയ്യില്‍ മൂവിക്യാമറയും മറു കയ്യില്‍ ലാത്തിയുമായി ബോഗിയില്‍ കയറി. എല്ലാ യാത്രക്കാരോടും കാമറയിലേക്ക് നോക്കാന്‍ അംഗവിക്ഷപം നടത്തികൊണ്ട് മെല്ലെ മെല്ലെ നീങ്ങി ബുദ്ധിജിവികളുടെ അടുത്തേക്കെത്തി. ബുജികളും കാമറയിലേക്ക് ഇളിച്ച് കാണിച്ചു, ഒപ്പം മിഡില്‍ ഫിംഗറുകൊണ്ട് താടിക്കൊരു താങ്ങും കൊടുത്തു. അവര്‍ കണ്ട്രി ഈസ് വെരി ഫണ്ണി. യന്ത്രം മുന്നോട്ട് നീങ്ങിയപ്പോള്‍ കൂട്ടത്തിലെ മല്ലു മെല്ലെ പറഞ്ഞു. പെട്ടന്ന് യന്ത്രം തിരിച്ച് വന്ന് ചോദിച്ചു. വിച്ച് കണ്ട്രി യു ആര്‍ ഫ്രം? അതൊരു യന്ത്രം മാത്രമല്ല യൂണിഫോമിട്ട പട്ടാളക്കാരന്‍ കൂടിയാണെന്ന് ബുജികള്‍ക്ക് മനസിലായി. ഇന്ത്യ. മല്ലു ഉത്തരം പറഞ്ഞു. ദെന്‍ വൈയാര്‍ യു സേയിന്‍ യുവര്‍ കണ്ട്രി ഈസ് ഫണ്ണി? യു അഷേം യുവര്‍സെല്‍ഫ്. എന്നും പറഞ്ഞ് പട്ടാളക്കാരന്‍ ഇറങ്ങിപ്പോയി. വണ്ടി നീങ്ങാന്‍ തുടങ്ങി. വണ്ടിയില്‍ സഞ്ചരിക്കുന്ന പട്ടാളക്കാരന്‍ വന്ന് കമ്പാര്‍മെന്റിന്റെ എല്ലാ വാതിലുകളും അകത്ത് നിന്ന് പൂട്ടി. ഡോറിനടുത്ത് ഇരിക്കുന്ന യാത്രക്കാരോട് ഇനിയാരേയും അകത്തേക്ക് കടത്തിവിടരുത് എന്ന് ശാസനയിറക്കി. യാത്രക്കാര്‍ അത് വല്ലാതെ മൈന്റ് ചെയ്തില്ല.
വണ്ടി നീങ്ങിയതോടെ ബുജികള്‍ മൂന്നും കൂടി ടോയ് ലറ്റ് ലേക്ക് കേറി. സൂഫിക്ക് കാര്യം മനസിലായി സൂഫി പിന്നാലെ കേറി. തീട്ടത്തില്‍ ചവിട്ടാതെ കഷ്ടപ്പെട്ട് നാലുപേരും നിന്ന് ജോയിന്റ് ഫാമിലിയായി. വണ്ടി മുന്നോട്ട് കുതിച്ചു, പുക പിന്നോട്ട് പറന്നു. തിരിച്ച് വന്ന് എല്ലാവരും അവരവരുടെ സ്ഥലങ്ങളിലേക്ക് പോയി. ബുജികള്‍ ദേശീയതയെ പൊളിച്ചടുക്കാന്‍ തൊടങ്ങി, അതിന്റെ വയലന്‍സിനെ, ജയില്‍ മോചിതനായി വന്ന് ഊളത്തരം വിളിച്ച് പറഞ്ഞ കണ്ണയ്യകൂമാറിനെ, പട്ടാള ഒക്യൂപ്പേഷന്‍ ദൈനംദിനം അനുഭവിക്കുന്ന ചിങ്കിനാടിനെ പറ്റിയൊക്കെ നല്ല ഡയലോഗടിക്കാന്‍ തൊടങ്ങി. അങ്ങനെയിരിക്കുമ്പോള്‍ വണ്ടി അടുത്ത സ്റ്റേഷനില്‍ എത്തി. യാത്രക്കാര്‍ ഡോറില്‍ വന്ന് മുട്ടാന്‍ തുടങ്ങി. ഇടിക്കാന്‍ തുടങ്ങി. അതു കേട്ട് സഹിക്കാതെ മല്ലു ഏന്തിവലിഞ്ഞ് ‍‍‍ഡോറു തുറന്നു കൊടുത്തു. അപ്പോഴേക്കും പട്ടാളക്കാരന്‍ പാഞ്ഞ് വന്ന് കയറാനൊരുങ്ങുന്ന യാത്രക്കാരെ തടഞ്ഞ് ഭീഷണി തുടങ്ങി. ആര്‍മി ബുക്ക് ചെയ്ത കമ്പാര്‍ട്ട്മെന്റാണെന്ന് ഒരു ഉളുപ്പുമില്ലാതെ വിളിച്ചു പറഞ്ഞു. യാത്രക്കാര്‍ തിരിഞ്ഞ് മറ്റ് കമ്പാര്‍ട്ട്മെന്റിലേക്ക് ഓടി. എന്നാല്‍ കൂട്ടത്തില്‍ പിന്നില്‍ നിന്നിരുന്ന, കറുത്ത് തടിച്ച് മുഷിഞ്ഞ ഒരു ഭ്രാന്തി ഇതേ കമ്പാര്‍ട്ട്മെന്റിലേക്ക് തന്നെ കുതിച്ച് വന്നു. ഡോറില്‍ വച്ച് പട്ടാളക്കാരന്‍ അവരേയും തടഞ്ഞു. അവര്‍ അതി ഭയങ്കരമായ ശബ്ദത്തില്‍ നിലവിളിക്കുന്ന പോലെ തൊള്ളപൊളിച്ചു. സാഹചര്യം മുതലെടുത്ത് ഉള്ളില്‍ നിന്ന് ബുജികളും തൊള്ള പൊളിച്ചു. അത് കേട്ട് രസിച്ച ചില യാത്രക്കാരും തൊള്ള പൊളിച്ചു. ഭഹളത്തില്‍ പട്ടാളം തോറ്റു. ബാരിക്കേഡ് തകര്‍ത്ത് പ്രാന്തി വണ്ടിയില്‍ കേറി. അയമ്മ ടോയ് ലറ്റിന്റെ സൈഡില്‍ കെടന്ന് ഒറക്കം തൊടങ്ങി. വണ്ടി വീണ്ടും നീങ്ങി. ലാസ്റ്റ് സീന് ബുജികള്‍ക്ക് ചെറിയ സന്തോഷം ഉണ്ടാക്കി. അപ്പോള്‍ അപ്പുറത്തിരുന്ന സൂഫി മൊബൈലില്‍ ഖവാലി പ്ലേ ചെയ്തു. ഹെ ജൊ ഹല്‍ക്ക ഹല്‍ക്ക.. സുരൂര് ഹേ.. ചെമ്പരിത്തികണ്ണുകളുമായിരിക്കുന്ന ബുജികളും സൂഫിയും ഖവാലിയില്‍ ആറാടി. പോയ മുട് തിരിച്ച് വന്നു. അങ്ങനെയങ്ങനെ പാതിരാത്രിയായി. യാത്രക്കാരൊക്കെ ഉറങ്ങാന്‍ തുടങ്ങി. എല്ലാവര്‍ക്കും സീറ്റ്. എല്ലാവരും ഉറങ്ങുന്നു. സമത്വസുന്ദരമായ ജനറല്‍ കമ്പാര്‍ട്ട്മെന്റ്. പണ്ട് അടിയന്തിരാവസ്ഥക്കാലത്ത് ഇന്ത്യന്‍ റയില്‍വേയുടെ വണ്ടികള്‍ കൃത്യസമയം പാലിച്ചിരുന്നു എന്നും, തിരക്കില്ലാതെ യാത്രചെയ്യാമായിരുന്നു എന്നുമുള്ള കഥകള്‍ സൂഫി അന്നേരം ഓര്‍ത്തു. വണ്ടി അടുത്ത സ്റ്റേഷനില്‍ നിര്‍ത്തി. പുറത്ത് നിന്ന് യാത്രക്കാല്‍ വാതില്‍ മുട്ടി. ഉന്തി. ഇടിച്ചു. ചവിട്ടി. ഇത്തവണ പട്ടാളക്കാരന്‍ വന്നില്ല. അതിന്റെ ആവശ്യം വന്നില്ല. വതിലിന്റെ അരികിലിരിക്കുന്ന യാത്രക്കാര്‍ അരികിലെ ജനാലകള്‍ തുറന്ന് വിളിച്ചു പറഞ്ഞു. "ഇത് പട്ടാളബോഗിയാണെന്ന്. ഇതില്‍ കയറാന്‍ അനുവദിക്കില്ല.”

(April 13, 2016)

പരമമായ ഒരു ബലാത്സംഗം

വൈസ്ചാന്‍സിലറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ലഭിച്ച കത്തിന് അപ്പോള്‍ തന്നെ മറുപടിയെഴുതി വിസിയുടെ മൂന്നാം നിലയിലെ ഓഫിസില്‍ ഏല്‍പ്പിച്ച് ഡോ.പാരിമുരുകന്‍ തിരിച്ച് നടന്നു. പടികളിറങ്ങുമ്പോള്‍ ജനാലകളിലൂടെ ദൂരെ മറീനബീച്ച് കാണാമായിരുന്നു. പണ്ട് ഇതെ യൂണിവേഴ്സിറ്റിയില്‍ ബിഎക്ക് പഠിക്കുമ്പോളാണ് ക്ലാസിലിരുന്ന് ബോറടിച്ച പാരിമുരുകന്‍ അദ്യാപകനെയൊന്നും മൈന്റാക്കാതെ ക്ലാസില്‍ നിന്ന് ഇറങ്ങി ബീച്ചിലേക്കോടിയത്. ക്ലാസെടുത്തുകൊണ്ടിരുന്ന, അന്നത്തെ നരവംശശാസ്ത്രം വകുപ്പ് തലവന്‍, മുനിസാമി ക്ലാസ് നിര്‍ത്തി പിന്നാലെ പാഞ്ഞു. പാരീ.. എങ്കടാ കണ്ണാ പോറേ.. പോകാത് തമ്പീ.. ഇങ്ക വാടാ.. എന്നെല്ലാം വിളിച്ച് ബീച്ചിന്റെ അറ്റം വരെ പോയി പാരിമുരുകനേയും കൂട്ടി തിരിച്ച് വന്നു. അത്രക്ക് കാര്യമായിരുന്നു പ്രൊഫസര്‍ മുനിസാമിക്ക് പാരിമുരുകനോട്. മുനിസാമിക്കറിയാമായിരുന്നു പാരിമുരുകനെ ഉള്‍ക്കൊള്ളുന്ന സെറ്റപ്പല്ല യൂണിവേഴ്സിറ്റിയുടേതെന്ന്. അത്ര ഗ്രാമീണമായ മുക്കില്‍ നിന്നാണ് പാരിമുരുകന് വരുന്നതെന്ന്. യൂണിവേഴ്സിറ്റിയിലെ ആദ്യ മാസങ്ങള്‍ പലപ്പോഴും പാരിമുരുകനെ പുറതള്ളികൊണ്ടിരുന്നു. ഉള്‍ക്കൊള്ളിക്കാന്‍ മുനിസാമി വല്ലാതെ പാടുപെട്ടു. അങ്ങനെയങ്ങനെ പാരിമുരുകന്‍ പരുവപ്പെട്ടു. ബാച്ചിലര്‍ ഡിഗ്രിയുടെ അസവാനത്തോടെ ക്ലാസിലെ പഠിപ്പിസ്റ്റും മുനിസാമിയുടെ ഇഷ്ട ശിഷ്യയും നിലവിലെ നരവംശശാസ്ത്രം വകുപ്പ് തലൈവിയും ആയ മഹാലക്ഷ്മി എസ് രംഗനാഥനോട് കിടപിടിക്കാന്‍ തക്കവിധത്തില്‍ പാരിമുരുകന്‍ വിളഞ്ഞിരുന്നു. ആന്തരികമായ ശത്രുത പരസ്പരം ഉണ്ടെങ്കിലും പാരിക്കും മഹാലക്ഷ്മിക്കുമിടയില്‍ അക്കാലത്ത് ഉണ്ടയിരുന്ന ഹാര്‍മണി പ്രൊഫസര്‍ മുനിസാമിയുടെ നിരന്തര പരിശ്രമഫലമാണ്.
ഒരിക്കല്‍ പ്രൊഫസര്‍ക്ക് പാളി. അയാളുടെ ഒരു തീരുമാനം പാരിമുരുകനും മഹാലക്ഷ്മിയും തമ്മിലുള്ള നിരന്തരവും അനന്തവുമായ ഏറ്റുമുട്ടലിന് ഹേതുവായി. ബിരുദാന്തരബിരുദം കഴിഞ്ഞ് ഇരുവരും ഊരുക്ക് പോയ സമയത്താണ് ഡിപ്പാര്‍ട്ട്മെന്റില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റില്‍ ഒരു ഒഴിവ് വരുന്നത്. പ്രൊഫസര്‍ മുനിസാമി തന്റെ പ്രിയപ്പെട്ട സ്റ്റു‍ഡന്റസ് ആയ പാരിയേയും മഹാലക്ഷ്മിയേയും വിളിപ്പിച്ചു. മുനിസാമിയുടെ ഫസ്റ്റ് പ്രിഫറന്‍സ് പാരിമുരുകനാണ്. പക്ഷെ അക്കാര്യം മഹാലക്ഷ്മിയുടെ സമ്മതത്തോടെ വേണമെന്നത് പ്രൊഫസര്‍ക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് ആദ്യം മഹാലക്ഷ്മിയോട് സംസാരിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ വരുന്ന ലക്ചറര്‍ പോസ്റ്റിലേക്ക് മഹാലക്ഷ്മിയെ പരിഗണിക്കാമെന്ന വാഗദാനവും പ്രൊഫസര്‍ നല്‍കി. പാരിമുരുകന്റെ ദരിദ്രാവസ്ഥയെ പറ്റി അധികമൊന്നും മഹാലക്ഷ്മിയോട് പറയേണ്ട കാര്യമില്ലായിരുന്നു. മഹാലക്ഷ്മിക്ക് എല്ലാം അറിയാം. പാരിമുരുകന് ജോലി നല്‍കാന്‍ മഹാലക്ഷ്മി സുമനസാല്‍ സമ്മതിച്ചു. പാരിമുരുകനെ ടെക്നിക്കല്‍ അസിസ്റ്റന്റ് ആയി പോസ്റ്റ് ചെയ്തു. പൂച്ച എങ്ങിനെ വീണാലും നാലുകാലിലെ നില്‍ക്കു. രണ്ട് കൊല്ലം കഴിഞ്ഞു. മത്സരം ഉണ്ടായിരുന്നിട്ടും മഹാലക്ഷ്മി ലക്ചറര്‍ ആയി ഉദ്യോഗം നേടി. ഉമ്മറവാതിലും പിന്നാമ്പുറവാതിലും മഹാലക്ഷ്മിക്ക് വേണ്ടി തുറന്നു. വര്‍ഷങ്ങള്‍ പലത് കടന്നു പോയി. പാരിമുരുകനും ലക്ചറര്‍ ആയി. പല പല പ്രൊമോഷനുകള്‍, റിട്ടയര്‍മെന്റുകള്‍, ട്രോന്‍സ്ഫറുകള്‍. നരവംശശാസ്ത്രം വകുപ്പ് മേധാവിയെ നിയമിക്കപ്പെടുന്നതിലേക്ക് ‍‍‍‍ഡോ.പാരിമുരുകനും ഡോ.മഹാലക്ഷ്മിയും യോഗ്യരാവുന്ന ഘട്ടമെത്തി. ഡോ.പാരിമുരുകന് ഡോ.മഹാലക്ഷ്മിയെക്കാള്‍ രണ്ട് വര്‍ഷത്തെ മൊത്ത പ്രവര്‍ത്തന പരിചയം. ഡോ.മഹാലക്ഷ്മിക്ക് ഡോ.പാരിമുരുകനേക്കാള്‍ മൂന്നുവര്‍ഷത്തെ ലക്ചറര്‍ഷിപ്പ് പ്രവര്‍ത്തനപരിചയം. വകുപ്പ് തലൈവി‍യാവാന്‍ മഹാലക്ഷ്മിയും തവൈവരാവാന്‍ പാരിമുരുകനും പോരാട്ടം തുടങ്ങി. നിയമപരമായും, നിയമവിരുദ്ധപരമായും പോരോട് പോര്. ചെന്നൈ സിറ്റി കമ്മീഷണറും പുരച്ചിതലൈവിയമ്മയുടെ വേണ്ടപ്പെട്ടവനും ആയ ദേവദാസിന്റെ ഭാര്യയായ മഹാലക്ഷ്മിക്ക് പോരാട്ടം അത്ര ആയാസകരമായിരുന്നില്ല. അതുകൊണ്ട് തന്നെ താത്കാലികമായ വിജയം മഹാലക്ഷ്മിക്കൊപ്പമായിരുന്നു. തര്‍ക്കം തീരുന്നത് വരെ താല്‍ക്കാലികമായി വകുപ്പ് മേധാവിയായി വിസി മഹാലക്ഷ്മിയെ ചുമതല ഏല്‍പ്പിച്ചു. പക്ഷെ പാരിമുരുകന്‍ വിട്ടുകൊടുത്തില്ല, ഒറ്റയാള്‍ ഗറില്ലയായി നിന്ന് പോരാടുകയായിരുന്നു. മഹാലക്ഷ്മിയുടെ അയോഗ്യതകളും, അഴിമതികഥകളും, സ്വചനപക്ഷപാതവും എല്ലാം കുത്തിപ്പൊക്കി മഹാലക്ഷ്മിയുടെ സമാധാനജീവിതം അലംബാക്കി. ‍‍ഡിപ്പാര്‍മെന്റില്‍ നിന്നുള്ള പാരിമുരുകന്റെ മുന്‍മൂലനം മഹാലക്ഷ്മിയുടെ സ്വപ്നവും ലക്ഷ്യവുമായി മാറി. അതിനുവേണ്ടിയെന്നോണം മഹാലക്ഷ്മി അവസാനത്തെ അമ്പും അയച്ചു. പാരിമുരുകന്‍ തന്റെ ഓഫീസില്‍ കേറി തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് കാട്ടി മഹാലക്ഷ്മി വിസിക്ക് പരാതി നല്‍കി. വിശദീകരണം ആവശ്യപ്പെട്ട് ഇപ്പോള്‍ പാരിമുരുകന് ലഭിച്ച നോട്ടീസ് ഈ പരാതിയിന്‍മേലാണ്. പത്ത് ദിവസത്തിനകം വിശദീകരണം നല്‍കി നിരപരാദിത്വം തെളിയിക്കാത്തപക്ഷം നടപടിസ്വീകരിക്കുമെന്ന ഭീഷണിയാണ് നോട്ടീസ്. പാരിമുരുകന്‍ ഓണ്‍ദസ്പോട്ടില്‍ തന്നെ ഏതാനും വാക്കുകളില്‍ വിശദീകണം എഴുതി.
ബഹുമാനപ്പെട്ട വൈസ്ചാന്‍സിലര്‍,
പ്രൊഫസര്‍ മഹാലക്ഷ്മി എനിക്കെതിരെ നല്‍കിയ പരാതിയുടെ മേല്‍ വിശദികരണം ചോദിക്കാനുള്ള താങ്കളുടെ ജനാധിപത്യബോധത്തിന് എന്റെ ഹ‍ൃദ്യമായ നന്‍ട്രി ആദ്യമേ അറിയിക്കട്ടെ. എന്നാല്‍ സ്വയം ന്യായീകരിക്കാന്‍ വേണ്ടിയോ നിരപരാധിയാണെന്ന് താങ്കളെ ബോധിപ്പിക്കാന്‍ വേണ്ടിയോ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നില്ല. മറിച്ച് മഹാലക്ഷ്മിയുടെ പരാതിയില്‍ അടിസ്ഥാനപരമായ ഒരു പിശകുണ്ട്. സത്യത്തില്‍ അവിടെ നടന്നത് ബലാത്സംഗ ശ്രമം അല്ല. പരിപൂര്‍ണ്ണമായ ഒരു ബലാത്സംഗം തന്നെയാണ്. ഇതൊരു ക്രിമിനല്‍ കുറ്റമായി കണ്ട് കേസ് പോലീസിനു വിട്ട് വേണ്ട നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നന്‍ട്രി. വാഴ്ത്തുക്കള്‍.
ഡോ.പാരിമുരുകന്‍
അയാള്‍ക്കുറപ്പുണ്ടായിരുന്നു വിശദീകരണക്കത്തിന് അപ്പുറം ഒരു ചുക്കും സംഭവിക്കില്ലെന്ന്. പിറ്റേന്ന് വിസിയുടെ ഓഫീസിലേക്ക് പാരിമുരുകനെ വിളിപ്പിച്ചു. തികച്ചും അനൌദ്യോഗികമായ മീറ്റിങ്ങ്. മഹാലക്ഷ്മിയുടെ പരാതി പിന്‍വലിച്ചതായി വിസി വളരെ പതിഞ്ഞ ശബ്ദത്തില്‍ അറിയിച്ചു. പക്ഷെ താല്‍ക്കാലിക വകുപ്പ് മേധാവിയായി മഹാലക്ഷ്മി തന്നെ തുടരും. പോരാട്ടം നീണാല്‍വാഴും.


(October 7, 2015)

ഒസ്യത്ത്

ഞാന്‍ മരിച്ചാല്‍
എന്റെ ജഢം
മെ‍ഡിക്കല്‍ സയന്‍സിന് പഠിക്കാന്‍ കൊടുക്കരുത്.
വൈദ്യുതസ്മശ്മാനത്തില്‍ കരിച്ചുകളയരുത്.
ചിതയില്‍ കത്തിച്ചുകളയരുത്.
ആറടി മണ്ണുതേടി, അത് വെട്ടി ആരും വലയരുത്.

എന്റെ ജഢത്തെയും വെറുതെ വിടണം.
അതിനെ ശവഭോഗികള്‍ക്ക് വിട്ടുകൊടുക്കണം.
ചൂടാറുന്നതിന് മുമ്പായാല്‍ തകര്‍ത്തു.
ശേഷം ശവംതീനികള്‍
-നരനോ, നരിയോ, ഉറുമ്പോ, എന്തുമാകട്ടെ
എന്റെ മാംസം തിന്ന് അറമാതിക്കട്ടെ.
പഴകുന്തോറും സ്വാദേറും.
തിന്നാനാവാത്ത എല്ലില്‍ കഷ്ണങ്ങള്‍ മണ്ണിനും ചിതലിനും.

തിന്നും കുടിച്ചും ഭോഗിച്ചും ഒരു കാര്‍ണിവലാക്കണം.
ഒടുവില്‍, എറ്റവും ഒടുവില്‍, ബാക്കിയാവുന്ന,
മണ്ണിലലിയാത്ത രോമങ്ങളായി
ഞാന്‍ അവശേഷിക്കട്ടെ.

(February 25, 2015)

Friday, January 16, 2015

വിശപ്പ്

എന്താ ചൂട്. തൊഴിലോറപ്പിന്റെ പണ്യായ്തോണ്ടാ ഇത്ര പാട്. മണലേറ്റലാണെങ്കി രാവിലെ വെയില് തെറിക്കണേന്റെ മുന്നെ മുന്നൂറ് നാന്നൂറുറ്പ്പ്യക്ക് പണീട്ത്ത് വീട്ടില്ക്ക് വെരാര്ന്നു. അയ്നെങ്ങനെ പാര്ട്ടിക്കാര്ണ്ടോ മ്മളെകൊണ്ട് ഏറ്റിക്കാന് സമ്മൈക്ക്ണു. അക്കരേല് ലോറി എറക്കി മണല്ട്ക്ക് ണ്ട്. ഐനൊന്നും ഒരു കൊഴപ്പോംല്ല്യാ. മൈരോള്ടെ പരിപാടിക്കൊന്നും പോണ്ടാന്ന് സുക്വേട്ടനോട് ഞാമ്പറഞ്ഞതാ. പിന്നെ യൂണിയന് പണി പോണ്ടാന്ന് വച്ചിട്ട് പോണതാ. ഉച്ചക്ക് ചോറുണ്ണാന് വര്ണ്ടാവില്ല ഇന്ന്. വീടിന്റെ വാതില് തൊറന്നിട്ട് പെണ്ണെങ്കടാ പോയത്.

പ്രേമ വീട്ടിലേക്ക് കേറി.
തള്ള കെടക്കാണല്ലോ, വല്ലതും തിന്നോ ആവോ.
“ചോറുണ്ടോ ന്നും? വെളമ്പട്ടെ?”
എന്താ തള്ള മിണ്ടാത്ത്, ഒറങ്ങാണോ?

പ്രേമ തള്ള കെടക്കണ മുറിയിലേക്ക് കേറി.
എന്താപ്പൊ ഇബിര് ഇങ്ങനെ കെടക്ക്ണ്?
“എന്താന്നും ഇങ്ങള് ഇങ്ങനെക്കെ കെടക്കണ്?, ഒറങ്ങാണെങ്കി നേരെ കെടക്ക് ന്നും"
എന്താബ്ടെ നാറ്ണ്? മരുന്നാണല്ലോ. വാഴയ്ക്കടിക്കണ കുരുടാന്റെ നാറ്റല്ലേ. അന്താപ്പൊബിര് കാണിച്ച് ഈശരാ...
പ്രേമ ഉടനെ അടുക്കളയിലൂടെ വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി.

“ടീ ഉണ്ണിയേ.... മഞ്ച്വോ...”
“ആ...”
“ബ്ടെ വാ..”
“പ്പൊവെരാമ്മേ...”
“ബ്ടെ വാടി ബ്ടെ..”
മഞ്ചു ഓടി വന്നു.
“ഇക്കിപ്പൊ ചോറുവേണ്ടാമ്മ, ഞങ്ങ്ള് ബബിടോടെ ചോറും കൂട്ടാനും വച്ച് കളിക്ക്യാ.”
പ്രേമ മഞ്ചുവിനേയും വലിച്ച് ധൃതിയില് അടുക്കളേല് കേറി.
“അച്ഛമ്മ ഉണ്ടോ അമ്മാ?”
പ്രേമ രണ്ട് കിണ്ണത്തില് ചോറുവിളമ്പി. മളകോര്ത്ത പുളിയും ഇന്നലത്തെ മാന്തള് വറത്തതും കൂട്ടി ഉണ്ടു. രണ്ടുപേര്ക്കും നല്ല വേഗം ഉണ്ടായിരുന്നു ഉണ്ണലിന്.
കയ്യെഴുകി കഴിഞ്ഞതും മഞ്ചു കളിക്കാനോടി. മഞ്ചു കളി പുനരാരംഭിച്ചതും വീട്ടില് നിന്ന് മറ്റൊരു വിളി കേട്ടു.

“അമ്മോ..... ന്റമ്മ പൊയോ..... പോയല്ലോ.. ഇങ്ങ്ള് ഞങ്ങളേ വിട്ട് പോയോ.. ഞങ്ങളെ ഒറ്റക്കാക്കി പോയോ.. എന്തിനാ ങ്ങള് പോയത്.. അയ്യോ..... രാവിലെ പോവുമ്പളും കൂടെ ഉമ്മറത്ത് ഇരുന്നാര്ന്നതല്ലേ... ഇങ്ങളെന്തിനാത് ചെയ്തത്... അമ്മോ...ന്റെ അമ്മോ...”

മഞ്ചു വീട്ടിലേക്കോടി.

Tuesday, November 25, 2014

പൂസായ മാര്‍ക്സ്

വര: മിഥുന്‍ മോഹന്‍


ലണ്ടന്‍ തെരുവില് ‍മാര്‍ക്സുമൊത്ത് മദ്യപിച്ച് ലക്കുകെട്ട സായാഹ്നത്തെക്കുറിച്ച് 40 വര്‍ഷത്തിന് ശേഷം വില്‍ഹെം ലീബ്കനറ്റ്ച്ച് എഴുതിയത്.

വൈകുന്നേരം ഞാനും കാള്‍ മാര്‍ക്സും എഡ്ഗര്‍ ബോവറും ചേര്‍ന്ന് ബിയറടിക്കാമെന്ന പദ്ധതിയുമായി ഇംഗ്ലണ്ടിലെ ഹൈഗേറ്റിലെ ഞങ്ങളുടെ താവളത്തില്‍ നിന്ന് നഗരത്തിലേക്കിറങ്ങി. ബെര്‍ലിന്‍ കാലത്ത് കിട്ടിയതും പിന്നീടൊരിക്കലും പിരിഞ്ഞിട്ടില്ലാത്തതുമായ  കൂട്ടാണ് മാര്‍ക്സും  എഡ്ഗറും തമ്മിലുള്ളത്. ഓക്സ്ഫോര്‍ഡ് തെരുവില്‍ നിന്ന് തുടങ്ങി എല്ലാ മദ്യശാലകളിലും കയറി നിയന്ത്രണം കൈവിടാതെ ഓരോ ഔണ്‍സളവില്‍ കഴിച്ചാലും ഹാംസ്റ്റഡ് റോഡ് എത്തുമ്പോഴേക്കും പണി പാളുമെന്ന് അന്ന് മനസിലായി, അത്രയധികം ചാരായക്കടകളുണ്ടവിടെ.  എന്നിരുന്നാലും ഞങ്ങള്‍ സധൈര്യം മുന്നോട്ട് നീങ്ങി. ടോട്ടന്‍ഹാം കോടതി റോഡിന്റെ അറ്റം വരെ കാര്യമായ അപകടങ്ങളൊന്നുമില്ലാതെ എത്തി.

അവിടെവച്ചാണ് ഒരു മദ്യശാലയില്‍ നിന്നുമുയര്‍ന്ന പാട്ട് ഞങ്ങളെ ആകര്‍ഷിച്ചത്. ഒരുകൂട്ടമാളുകള്‍ വലിയ ആഘോഷത്തിലാണെന്ന് കയറിച്ചെന്നപ്പോള്‍ മനസ്സിലായി. കൂത്താടിക്കൊണ്ടിരുന്ന കൂട്ടത്തിലെ ചിലര്‍ ഞങ്ങളെ വന്ന് പരിചയപ്പെടുകയും ഇംഗ്ലീഷുകാരുടെതായ തനത് ആതിഥ്യ മര്യാദകളോടെ അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ആവേശത്തോടെ ഞങ്ങള്‍  ക്ഷണം സ്വീകരിച്ചു. വളരെപ്പെട്ടെന്ന് തന്നെ വര്‍ത്തമാനം രാഷ്ട്രീയത്തിലെത്തി. ഞങ്ങള്‍ ജര്‍മ്മന്‍ അഭയാര്‍ത്ഥികളാണെന്ന് ഒറ്റനോട്ടത്തില്‍ അവറ്റകള്‍ക്ക് മനസിലായി. ഞങ്ങളെയൊന്ന് സുഖിപ്പിക്കാനെന്നവണ്ണം അതില്‍ ചിലര്‍ ജര്‍മ്മന്‍ രാജകുമാരന്‍മാരെയും റഷ്യന്‍ പ്രമാണിമാരെയും പറ്റി പച്ചക്ക് അധിക്ഷേപിക്കാന്‍ തുടങ്ങി. 'റഷ്യന്‍' എന്നതുകൊണ്ട് അവരുദ്ദേശിച്ചത് 'പ്രഷ്യന്‍' എന്നാണ്. കേവലം വാക്കുകളിലെ സാമ്യംകൊണ്ട് മാത്രമല്ല, ഇംഗ്ലീഷുകാര്‍ക്ക് പൊതുവെ  'പ്രഷ്യനും' 'റഷ്യനും' തമ്മില്‍ മാറിപ്പോകാറുണ്ട്.



അങ്ങനെ തടസ്സങ്ങളേതുമില്ലാതെ വര്‍ത്തമാനവും മദ്യവുമൊഴുകുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ആ ഒഴുക്ക് നിലച്ചു. ഇംഗ്ലീഷുകാരില്‍ ചിലരുടെ വര്‍ത്തമാനം എഡ്ഗര്‍ ബോവറിന് നന്നായിക്കൊണ്ടു. അവന്‍ ഇംഗ്ലീഷ് അല്‍പ്പന്‍മാരെ തെറിവിളിച്ചുകൊണ്ട് മേശ തലകീഴായി മറിച്ചിട്ടു. അപ്പുറത്ത് സന്ദര്‍ഭത്തിനൊത്തുയര്‍ന്ന മാര്‍ക്സ് ആവേശഭരിതനായി ജര്‍മ്മന്‍ ശാസ്ത്രത്തേയും സംഗീതത്തേയും വാഴ്ത്തിക്കൊണ്ട്പാടി -"ഞങ്ങടെ ബിഥോവന്‍, മൊസാര്‍ട്ട്, ഹേണ്ടല്‍, ഹെയ്ഡന്‍, സംഗീതത്തിന്റെ അതികായന്‍മാര്‍, വേറെ ഏത്ര രാജ്യക്കാര്‍ക്കുണ്ടെടോ ഇങ്ങനെ എണ്ണിപ്പറയാന്‍? ഇംഗ്ലണ്ടില്‍ എന്തുണ്ടയാ ഉള്ളത്? ഒരു മൂളിപ്പാട്ട് പോലുമില്ലാത്ത ഇംഗ്ലീഷുകാര്, അവരുടെ ക്ഷീണിച്ച രാഷ്ട്രീയ സാമ്പത്തിക സ്ഥിതിമൂലം ഇതുവരെ ഒരു മഹത്തായ സൃഷ്ടിപോലും നടത്താത്തോര്. മറ്റ് രാജ്യങ്ങളെ മുടിപ്പിക്കാന്‍ മാത്രമറിയാം.” മാര്‍ക്സ് ഇത്രേം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് ഞാനിതുവരെ കേട്ടിട്ടുണ്ടായിരുന്നില്ല.

എന്റെ ഭാഗം കുറച്ച് കനപ്പെട്ട ഭാഷയില്‍ തന്നെ ഞാനവതരിപ്പിച്ചു. "രാഷ്ട്രീയാവസ്ഥയുടെ കാര്യത്തില്‍ ഇംഗ്ലണ്ട് ജര്‍മ്മനിയേക്കാള്‍ ഒരു തരി പോലും മുമ്പിലല്ല. ഒരു വ്യത്യാസമെന്തെന്നാല്‍ ഓരോ ജര്‍മ്മന്‍കാരനുമറിയാം തങ്ങളുടെ രാജ്യത്തെ രാഷ്ടീയകാര്യങ്ങള്‍ ഇത്തിരി ക്ഷീണമാണെന്ന്. എന്നാല്‍ ഇംഗ്ലീഷുകാര്‍ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല. രാഷ്ട്രീയമായ വകതിരിവിന്റെ കാര്യത്തില്‍ ഞങ്ങളെ വെല്ലാനൊന്നും ഇംഗ്ലീഷുകാരായിട്ടില്ല.”

ഞങ്ങളായി തുടങ്ങിവച്ച കച്ചറ സാമാന്യം വഷളായതോടെ എഡ്ഗര്‍ ബോവര്‍ തന്റെ വലിയ തോക്കെടുത്ത്  ഇംഗ്ലീഷുകാര്‍ക്ക് നേരെ ചൂണ്ടി. അടക്കിപ്പിടിച്ചും പിന്നീട് ശബ്ദമുയര്‍ത്തിയും ഇംഗ്ലീഷ് കൂട്ടം "പണ്ടാര വിദേശികള്‍" എന്ന്  ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അന്തരീക്ഷമെങ്ങും ഭീഷണികള്‍ മുഴങ്ങി, തലച്ചോറുകളില്‍ ചോര പെരുത്തുകേറി, മുഷ്ടികള്‍ വായുവിലുയര്‍ന്ന് വീശി. അതിനിടെ ഞങ്ങള്‍ നേടിയ  നേരിയ മേല്‍ക്കൈ മുതലെടുത്ത് സാമാന്യം അന്തസായിതന്നെ ബഹളത്തില്‍ നിന്ന് പുറത്തുചാടി രക്ഷപ്പെട്ടു.



ബിയറടി പാര്‍ട്ടിക്ക്  ഞങ്ങള്‍ കണക്കാക്കിയ സമയം എപ്പോഴെ കഴിഞ്ഞിരുന്നു. അതുകൊണ്ടും ഉള്ളിലെ വികാരം കെട്ടടങ്ങാത്തതിനാലും ഞങ്ങളുടെ നടത്തത്തിന് അസാധാരണമായ വേഗത കൈവന്നു. നടത്തത്തിനിടെ എഡ്ഗര്‍ ബോവര്‍ തെന്നിവീഴുന്നത് വരെ ആ കുതിപ്പ് ഞങ്ങള്‍ നിലനിര്‍ത്തി. കല്ലുകള്‍ പതിച്ച വഴിയില്‍ കമിഴ്ന്നടിച്ചുവീണ എഡ്ഗര്‍ ചാടിയെണീറ്റ്പറഞ്ഞു. "ഹായ്..ഒരു ഐഡിയയുണ്ട്". വികൃതിയായ സ്കൂള്‍ കുട്ടിയെപ്പോലെ അവന്‍ നിലത്ത് പതിച്ച കല്ല് ഇളക്കിയെടുത്തു. അടുത്ത നിമിഷം സമീപത്തെ വഴിവിളക്ക് തകര്‍ന്ന് തരിപ്പണമായി നിലത്ത് വീണു. വിവരക്കേട് പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു. മാര്‍ക്സും ഞാനും പുറകിലായില്ല. നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ നാലോ അഞ്ചോ വിളക്കുകള്‍ വഴിയില്‍ ചിന്നിച്ചിതറി. സമയം പുലര്‍ച്ച രണ്ടുമണിയായിരുന്നതിനാല്‍ വഴി പൊതുവെ വിജനമായിരുന്നു. എന്നിരുന്നാലും പൊട്ടിച്ചിതറുന്ന ശബ്ദം റോന്തുചുറ്റുന്ന പൊലീസുകാരന്റെ ചെവിയിലെത്തി. ദൂരെയുള്ള പൊലീസുകര്‍ക്ക് അപായസൂചന നല്‍കി ചൂളംവിളികള്‍ മുഴങ്ങി. പ്രതിധ്വനി പോലെ മറുപടി ചൂളങ്ങളും കേട്ടു. രംഗം ഗുരുതരമായി!

ഭാഗ്യത്തിന്റെ ഒരു കളിയായിരുന്നു പിന്നീട്, സംഗതി കൈവിട്ട് പോവുമെന്ന് ഞൊടിയിടയില്‍ ഞങ്ങള്‍ക്ക് മനസിലായി. നില്‍ക്കുന്ന സ്ഥലമോ സുപരിചിതം. പിടികൂടാനായി പാഞ്ഞുവരുന്ന മൂന്നോ നാലോ പോലീസുകാരെ ഏറെ പിന്നിലാക്കി ഞങ്ങളുടെ ഉജ്ജ്വലമായ മുന്നേറ്റം. രണ്ട് തെരുവുകളെ ബന്ധിപ്പിക്കുന്ന ഇടവഴിയിലേക്കുള്ള ഞങ്ങളുടെ നിര്‍ണ്ണായകമായ തിരിവ് പന്തയത്തില്‍ വഴിത്തിരിവായി. പോലീസുകാര്‍ ദയനീയമായി തോറ്റു. സുരക്ഷിത സ്ഥാനത്തേക്ക് പ്രവേശിച്ചതായി അതോടെ ഞങ്ങള്‍ക്ക് മനസിലായി. പോലീസുകാരുടെ കൈവശം ഞങ്ങളെ പറ്റി ഒരു തുമ്പുമില്ല എന്ന ആശ്വാസത്തില്‍, കൂടുതല്‍ സാഹസങ്ങള്‍ക്ക് മുതിരാതെ സ്വന്തം താവളത്തിലേക്ക് കയറി.

ഉടവിടം: Karl Marx: Biographical Memoirs, by Wilhelm Liebknecht. First German edition, Nuremberg, 1896; first English translation (by E Untermann), 1901. Reprinted by Journeyman Press, London, 1975.

മൊഴിമാറ്റം: ദീപക്.എ.ജി.
(2014 ഓഗസ്ത് 24 ന് 'അഴിമുഖ'ത്തില്‍ പ്രസിദ്ധീകരിച്ചത്)

അധ്യാപകദിനത്തെ പുച്ഛിച്ചു തള്ളുന്നത് എന്തുകൊണ്ട്?


ഇരുപത്തഞ്ചോളം കുട്ടികളുള്ള ക്ലാസില്‍ , വീട്ടില്‍ വൈദ്യുതിയുള്ള രണ്ടോ മൂന്നോ കുട്ടികളില്‍ ഒന്ന് ഞാനായിരുന്നു എന്നത് എന്റെ കുറ്റമാണോ? പിന്നെ എന്തിനാണ് എല്‍.പി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ മിക്ക ദിവസങ്ങളിലും ചോദ്യം ചോദിക്കുയും  ഉത്തരം പറയാതെ  അന്തംവിട്ടുനില്‍ക്കുന്ന കൂട്ടത്തില്‍ എന്നോട് മാത്രം "നിന്റെയൊക്കെ വീട്ടില്‍ കറണ്ട് ഉണ്ടായിട്ട് നീയിങ്ങനെ, ഇവരൊക്കെ മണ്ണെണ്ണ വിളക്ക് കത്തിച്ചാണ് പഠിക്കുന്നത് എന്നെങ്കിലും വിചാരിക്കാം, എന്ത് ചോയ്ച്ചാലും മിഴിച്ച് നിന്നോളും" എന്ന്  നിങ്ങള്‍  ചീത്ത വിളിച്ചത്? നിങ്ങള്‍ കാണാപ്പാഠം പഠിക്കാന്‍ പറഞ്ഞിരുന്ന ബോറന്‍ പദ്യങ്ങളും, ശ്വാസം മുട്ടിക്കുന്ന വഴിക്കണക്കുകളുമെല്ലാം എനിക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ നിങ്ങളെ അനുസരിക്കാതിരുന്നത്.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളം ടീച്ചറാണ് യാതൊരു മുന്നറിയിപ്പും തരാതെ ഒരുനാള്‍ ക്ലാസില്‍ വന്ന് നഖം വളര്‍ന്ന് അഴുക്കുകയറി കറുത്തിരിക്കുന്ന വിരലുകളുള്ള കുട്ടികളെ മുഴുവന്‍ നിരത്തി നിര്‍ത്തി കൈപ്പത്തിയുടെ പുറത്ത് പുളിവാറലുകൊണ്ട് തല്ലിയത്. ടീച്ചര്‍ ഇടക്കിടെ വൃത്തിയെ പറ്റി നീണ്ട ക്ലാസുകള്‍ തന്നെ എടുക്കാറുണ്ടായിരുന്നല്ലോ. ക്ലാസിലെ 'വൃത്തിയുള്ളവരെ'യും 'വൃത്തിയില്ലാത്തവരെ'യും നിങ്ങള്‍ എത്രവൃത്തിക്കാണ് വേര്‍തിരിച്ചിരുന്നത്?

കുരിശിന്റെ ആകൃതിയിലുള്ള ചെമ്പ് ലോക്കറ്റ് മോഷ്ടിച്ചു എന്നാരോപിച്ച് ഏഴാംക്ലാസില്‍ പഠിക്കുന്ന അശോകേട്ടനെ സ്കൂളിന്റെ മുറ്റത്ത് വച്ച് പോത്തിനെ തല്ലുന്ന മുടിയങ്കോലുകൊണ്ട് അവന്റെ അച്ഛനും ചൂരലുകൊണ്ട് ശങ്കരന്‍കുട്ടിമാഷും തല്ലിയത് ഞങ്ങള്‍ മരത്തിന്റ ജനലഴികളിലൂടെ വിറയോടെ നോക്കിനിന്നിട്ടുണ്ട്. അശോകന്റെ കാലില്‍ ചുവന്ന വടുകള്‍ കൊണ്ട് എന്നന്നേക്കുമായി നിങ്ങളന്ന് കൊത്തിവച്ചത് കള്ളന്‍ എന്ന മുദ്രയല്ലേ?

ഹൈസ്കൂളിലെ എട്ട് സി സംസ്കൃതം ക്ലാസിലെ പഠിപ്പിസ്റ്റും കലോല്‍സവങ്ങളിലെ താരവുമായിരുന്ന സുഭദ്രക്ക് പ്രേമലേഖനം കൊടുത്തു എന്ന കുറ്റത്തിന് എട്ട് ഐ ക്ലാസില്‍ പഠിച്ചിരുന്ന രജീഷിനെ സ്റ്റാഫ് റൂമിലേക്ക് വിളപ്പിച്ച് നിങ്ങള്‍ അഞ്ച് മാഷന്‍മാര്‍ വളഞ്ഞിട്ട് തല്ലിയിരുന്നല്ലോ.  അതോടെ അവന്‍ പഠിപ്പ് നിര്‍ത്തി കൂലിപ്പണിക്ക് പോയതിനെ പറ്റി നിങ്ങള്‍ അന്വേഷിച്ചുകാണില്ല. കാരണം സ്കൂളിന്റെയോ അവിടുത്തെ അധ്യപകരുടെയോ 'യശസ്സ്' ഉയര്‍ത്തുന്നവനോ, അവളെപ്പോലെ ശ്രേഷ്ടമായ ജാതിയില്‍ പെടുന്നവനോ അല്ല രജീഷ് എന്ന് നിങ്ങള്‍ പണ്ടേ മനസിലാക്കിയിരുന്നല്ലോ.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ രവിചന്ദ്രനെന്ന ഹിന്ദിമാഷ്, സ്ഥിരമായി ക്ലാസിലെത്തി കുട്ടികളെ ഒരോരുത്തരെയായി മാഷിന്റെ മേശക്കരികില്‍ നിര്‍ത്തി  പാഠഭാഗം വായിപ്പിക്കുമായിരുന്നു. എല്ലാവരെകൊണ്ടും എന്നും വായിപ്പിക്കില്ല, പക്ഷെ എന്നും ശ്രീജുവിനെകൊണ്ട് വായിപ്പിക്കും. മേശക്ക്മേല്‍ അയാളിരിക്കും. വായനക്കിടയില്‍ വരുന്ന തെറ്റുകള്‍ക്കും തപ്പലുകള്‍ക്കും ഓരോ അടിവീതം പെരടിക്കിട്ട് കൊടുക്കും. ദിവസേന അമ്പതിലതികം അടികിട്ടും. കരയുകയല്ല. എന്നാലും വായന കഴിയുന്നതോടെ കണ്ണുകളില്‍ നിന്ന് വെള്ളം കുടുകടെ ചാടും. എടോ രവിചന്ദ്രാ, തന്ന അടിയെല്ലാം ഇന്നല്ലെങ്കില്‍ നാളെ തിരിച്ച് തരണമെന്ന് കണക്ക്കൂട്ടി പകയോടെ കാത്തിരിക്കുന്ന ശ്രീജിത്ത്.എന്‍ എന്ന ഒമ്പത് ഇ ക്ലാസിലെ പഴയ വിദ്യാര്‍ത്ഥിയെ നിനക്ക് അറിയുമോ? ഇന്ന് എംഎ സോഷ്യോളജി ക്ലാസില്‍ അറിയാവുന്ന കാര്യം പോലും അവതരിപ്പിക്കാനാവാതെ കുടുങ്ങുമ്പോള്‍ പിന്നില്‍നിന്ന് പെരടിക്ക് തല്ലാനോങ്ങി നില്‍ക്കുന്ന നിന്റെ കയ്യിനെ അവന്‍ ഭയക്കുന്നത് ഞാന്‍ കാണാറുണ്ട്.

പ്ലസ് ടു കൊല്ലപ്പരീക്ഷയുടെ ഭാഗമായി നടക്കുന്ന വൈവക്കായി അകത്ത് കയറിയ എന്നോട് രജിസ്റ്റര്‍ നമ്പര്‍ ചോദിക്കുകയും കയ്യിലെ ഹാള്‍ടിക്കറ്റ് നോക്കി ഞാന്‍ രജിസ്റ്റര്‍ നമ്പര്‍ പറയാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ''അത് പറ്റില്ല, ഒരു വിദ്യാര്‍ത്ഥി രജിസ്റ്റര്‍ നമ്പര്‍ പോലും പഠിക്കാതെയാണോ പരീക്ഷക്ക് വരുന്നത്?" എന്ന വിചിത്രമായ ചോദ്യം ചോദിച്ച് ആക്രോശിച്ച് എന്നെ മുറിയില്‍ നിന്ന് പുറത്താക്കിയ ഒരു അധ്യാപകനുണ്ട്. (വൈവ നടത്താനായി എവിടെ നിന്നോ കെട്ടിയെഴുന്നള്ളിയതാണ്) അവനെ പിന്നീടൊന്നും കണ്ടിട്ടില്ല. വേറെയൊന്നിനുമല്ല, രജിസ്റ്റര്‍ നമ്പര്‍ കാണാപാഠം പഠിച്ചില്ലെന്ന പേരില്‍ എന്തിനാണെന്നെ വൈവക്ക് അനുവദിക്കാതെ പുറത്താക്കിയതെന്ന് ചോദിക്കാനാണ്. അന്നത് ചോദിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലായിരുന്നു.



പ്രിയ കുരുക്കന്‍മാരേ, നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ എന്റെ മനസില്‍ വരാറുള്ളതില്‍ ചിലത് മാത്രമാണ് മുകളില്‍ പറഞ്ഞത്. അതായത് ഇനിയും ഒരുപാടുണ്ട് പറയാനെന്ന്. 2010 ലാണ് ഇംഗ്ലീഷ് റോക്ക് ബാന്റായ പിങ്ക് ഫ്ലോയ്ഡിന്റെ (Pink Floyd) 'ദി വാള്‍' (The Wall) എന്ന മ്യൂസിക് ഫിലിം കാണുന്നത്. അതിലെ 'അനതര്‍ ബ്രിക്ക് ഇന്‍ ദി വാള്‍' (Another Brick in the wall - Part 2) എന്ന ഭാഗത്തില്‍ അധ്യാപകരാല്‍ അടിച്ചമര്‍ത്തപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് സ്കൂള്‍ അടിച്ച് പൊളിച്ച് തീയിടുന്ന രംഗമുണ്ട്. എന്നെ വല്ലാതെ ആകര്‍ഷിച്ച ആല്‍ബമണത്. സമാനമായ സംഭവം വാണിയംകുളം സ്കൂളില്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായി. സ്കൂളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് പോലെയായിരുന്നു പുതിയ ഭരണപരിഷ്കാരങ്ങള്‍. ഉച്ചഭക്ഷണം 20 മിനുട്ട് കൊണ്ട് കഴിച്ച് തീര്‍ത്ത് ബാക്കി സമയം ക്ലാസില്‍ കയറിയിരിക്കണം. മൈതാനത്ത് ആരെങ്കിലും കളിക്കുന്നുണ്ടെങ്കില്‍ പല ദിക്കുകളില്‍ നിന്നായി വീരശൂരപരാക്രമികളായ അധ്യാപകര്‍ ചൂരലുമെടുത്ത് വന്ന് ആട്ടി ക്ലാസില്‍ കയറ്റും. ഒഴിവ് സമയങ്ങളില്‍ ആലിന്റെ ചുവട്ടില്‍ കൂട്ടം കൂടി നില്‍ക്കരുത്. സ്കൂളിന്റെ അതിര്‍ത്തിക്ക് പുറത്തേക്ക് പോകുരുത്. അങ്ങനെ നീളുന്ന കരിനിയമങ്ങള്‍. സ്വാഭാവികമായും ആ വര്‍ഷം തന്നെ സ്കൂളില്‍ എസ്എഫ്ഐയുടെ യൂണിറ്റ് പ്രവര്‍ത്തനം സജീവമായി. ഞാനും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എ.കെ ആന്റണി മുഖ്യമന്ത്രിയും, നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്തെ വിദ്യാഭ്യാസ കച്ചവട പരിപാടികളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാനത്താകെ സമരം തുടങ്ങിയ സമയം. തിരുവന്തന്തപുരത്തെ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് ചെയ്തതതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്ലാ വിദ്യാലയങ്ങളിലും പഠിപ്പ്മുടക്കി. ഞങ്ങളും മുടക്കിച്ചു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും ലാത്തിചാര്‍ജ്, പഠിപ്പുമുടക്കാന്‍ സംസ്ഥാനകമ്മറ്റിയുടെ ആഹ്വാനം. കാലത്ത് സ്കൂളിന് മുമ്പില്‍ പഠിപ്പ്മുടക്കാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളെ നിരാശപ്പെടുത്തി ഏരിയാ കമ്മറ്റിയുടെ പ്രത്യേക നിര്‍ദ്ദേശം വന്നു. ഇന്നത്തെ പഠിപ്പ്മുടക്ക് കൊളേജുകളില്‍ മാത്രമാണ്, സ്കൂളുകളില്‍ വേണ്ട എന്ന്. അനുസരണയുള്ള അനുയായിയായിരുന്ന ഞാനും ഏതാനും 'നല്ല സഖാക്കളും' ക്ലാസിലേക്ക് പോകുമ്പോള്‍ ശേഷിക്കുന്ന 'കച്ചറകള്‍ ' അക്ഷമരായി കൂട്ടംകൂടി അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ക്ലാസുകള്‍ തുടങ്ങി അല്പനേരം കഴിഞ്ഞപ്പോഴേക്കും ദൂരേ നിന്ന് മുദ്രാവാക്യംവിളികള്‍ കേട്ടുതുടങ്ങി. മുദ്രാവാക്യം അടുത്തടുത്ത് വന്നു, കൂടുതല്‍ വ്യക്തമായി. സമരം ലാത്തിചാര്‍ജിനെതിരെയോ, വിദ്യാഭ്യാസ കച്ചവടത്തിനെതിരെയോ ആന്റണിക്കെതിരെയോ അല്ല. വട്ടോളിക്കും കൂട്ടാളികള്‍ക്കും എതിരെയാണ്. അതായത്, സ്കൂളിലെ കൊലകൊമ്പനായ പി.റ്റി മാഷിനും അയാളുടെ ശിങ്കിടികളായ മാഷുമ്മാര്‍ക്കുമെതിരെ.
"ആരാടായീ വട്ടോളീ, എവനാടായീ വട്ടോളീ, ചുണയുണ്ടെങ്കി പോരിനുവാടാ, അടിക്കും ഞങ്ങള് പൊളിക്കും ഞങ്ങള്, അടിച്ച് പോളിച്ച് നെരത്തും ഞങ്ങള്.."
പ്രകടനം എന്റെ ക്ലാസിനുമുമ്പിലെ വരാന്തയിലൂടെ കടന്ന് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുമ്പിലെത്തിയതും 'സ്വാതന്ത്ര്യത്തിന്റ അനന്തമായ ബെല്ല്' മുഴങ്ങി. ആ കച്ചറ പിള്ളേര്‍, എന്റെ കൂട്ടുകാര്‍ അന്ന് നടത്തിയ സമരമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്കൂളുകളില്‍ ഇപ്പോള്‍ നടക്കേണ്ടത്. വ്യവസ്ഥയോട് ഇണങ്ങി, അനുസരണയുള്ളവരാക്കി കുട്ടികളെ വളര്‍ത്താന്‍ വേണ്ടി നിലനില്‍ക്കുന്ന സ്കൂളുകള്‍ , പോലീസിനെ പോലെ പെരുമാറുന്ന അധ്യാപകര്‍. വയറിളക്കം പിടിച്ച് കക്കൂസിലിരിക്കുമ്പോഴും ദേശീയഗാനം കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കണം, അല്ലെങ്കില്‍ പിടിച്ച് ജയിലിലിടും എന്നത് കൊണ്ട് മാത്രം 'ദേശസ്നേഹി'യാകുന്ന ദൌര്‍ഭാഗ്യരായ രാഷ്ട്രപൌരന്‍മാരെ പോലെ ചൂരല്‍പ്രയോഗത്തിന്റെ ചൂടുകൊണ്ടും, പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന പേടി കൊണ്ടും മാത്രമാണ് നിങ്ങളെ കാണുമ്പോള്‍ ഞങ്ങള്‍ മുണ്ട് താഴ്ത്തിയിടുന്നതും എഴുന്നേറ്റ് നിന്ന് 'ഗുഡ്മോര്‍ണിംഗ് സാര്‍/മാഡം' എന്ന് പറയുന്നതും. അതില്‍ കവിഞ്ഞ് ഒരു ബഹുമാനവും നിങ്ങള്‍ അര്‍ഹിക്കുന്നില്ല. നിങ്ങളാണ് ഞങ്ങളെ കള്ളനെന്ന് മുദ്രകുത്തിയത്, നിങ്ങളാണ് ഞങ്ങളുടെ പ്രണയത്തിന് നിരോധനമേര്‍പ്പടുത്തിയത്, നിങ്ങളാണ് വൃത്തി പഠിപ്പിച്ച് പഠിപ്പിച്ച് തൊട്ടുകൂടായമയിലെത്തിച്ചത്, നിങ്ങളാണ് ഞങ്ങളെ ദുര്‍ബലരും, പേടിത്തൊണ്ടന്‍മാരും/പേടിത്തൊണ്ടികളുമാക്കിയത്. നിങ്ങളാണ് ഞങ്ങളെ ഔദ്യോഗികമായി വയലന്‍സ്/അക്രമം പഠിപ്പിച്ചത്. അതിനാല്‍  അടിച്ച് പൊളിക്കാനുള്ള പ്രധാനപ്പെട്ട ഇഷ്ടികയാണ് ഈ വിദ്യാഭ്യാസ വ്യവസ്ഥ. കിട്ടിയ തല്ലിനെല്ലാം തിരിച്ച്തല്ലി പകരം ചോദിക്കാന്‍ കാത്തിരിക്കുന്ന കുട്ടികള്‍ മതിലിന്റെ നിര്‍ണ്ണായകമായ ഈ കല്ല് തകര്‍ക്കുക തന്നെ വേണം. അതിനാല്‍ അധ്യാപകദിനത്തെ പച്ഛിച്ച് തള്ളുന്നു!

Saturday, July 12, 2014

നാഗ്പൂരില്‍ ഇറങ്ങിയവര്‍

നിസാമുദ്ദീനില്‍ നിന്ന് രാവിലെ ആറുമണിക്കുള്ള മില്ലേനിയം എക്സ്പ്രസ്സില്‍ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു.  ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റിലായിരുന്നു എങ്കിലും യാത്രക്ക് മുമ്പ് കണ്‍ഫേം അയി. അടുത്തടുത്ത സീറ്റുകളല്ല ഞങ്ങള്‍ക്ക് ഇന്ത്യന്‍ റയില്‍വേ നിശ്ചയിച്ചത് എന്നതായിരുന്നു അപ്പോഴത്തെ വിഷമം. വണ്ടിയില്‍ കയറിയ ഉടനെ അവള്‍ക്ക് കിട്ടിയ സൈഡ് ബെര്‍ത്തിലെ സഹസീറ്റുകാരനു ഞാന്‍ എന്റെ സീറ്റ് ഓഫര്‍ ചെയ്തു. അയാളത് കൂസലില്ലാതെ സ്വീകരിച്ചു. അവളുടെ സഹസീറ്റുകാരനായി അങ്ങനെ ഞാന്‍ ചേക്കേറി. യാത്ര ആനന്ദപ്രദവും സുഖകരവുമാക്കണമല്ലോ. ഒരു സൈഡ് ബെര്‍ത്തില്‍ മുഖാമുഖമിരുന്ന്, രണ്ട് ജനാലകള്‍ സ്വന്തമാക്കി, പരസ്പരം മാറിമാറി മടിയില്‍ തലവച്ചുകിടന്ന്, പകല്‍യാത്രുടെ ബോറടിമാറ്റാമെന്ന പദ്ധതിയാണ് അങ്ങനെ വിജയം കണ്ടത്. ഞങ്ങള്‍ക്കിരുവശവുമുള്ള യാത്രികര്‍ നിസാമുദ്ദീനില്‍ നിന്ന് തന്നെ കയറിക്കുത്തിരിക്കുന്നുണ്ടായിരുന്നു. വലത് വശത്തുള്ളവര്‍ മലയാളികളുടെ ഒരു സംഘമാണ്. ഇരുപതിനും നാല്‍പ്പതിനും ഇടക്ക് പ്രായം വരുന്ന ഒരു ഡസ്സന്‍ പേര്‍. ഒരാള്‍ക്ക് ജഡയുണ്ട്, ചിലര്‍ക്ക് താടിയുണ്ട്. പക്ഷെ ഭൂരിപക്ഷവും ക്ലീന്‍ഷേവാണ്. കയ്യിലും കഴുത്തിലും ചെമ്പ് വെള്ളി സ്വര്‍ണ്ണം മുതലായ ലോഹങ്ങളാല്‍ നിര്‍മ്മിച്ച ഗമണ്ടന്‍ ആഭരണങ്ങള്‍ ധരിക്കാന്‍ മിക്കവരും ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാവരും കാഷായ മുണ്ടുകാര്‍, അരക്കുമേല്‍ ശുഭ്ര ടിഷര്‍ട്ടുകാര്‍. ടിഷര്‍ട്ടിന്റെ പിന്നാമ്പുറത്തും ഇടനെഞ്ചിലും സാക്ഷാല്‍ ബാബാ രാംദേവ് ചിരിച്ച് നില്‍ക്കുന്ന ചിത്രം. രണ്ട് കൂപ്പകളിലായാണവരുടെ കിടപ്പ് ഇരിപ്പ്. രണ്ട് നേരവും കുളിക്കും. ഹിമാലയ പര്യടനവും ഉത്തരേന്ത്യന്‍ ക്ഷേത്രതീര്‍ത്ഥാടനവും കഴിഞ്ഞ് മടങ്ങുന്നവരാണെന്ന് പിന്നീട് മനസിലായി.
ഇതേ കമ്പാര്‍ട്ട്മെന്റില്‍ ഞങ്ങളുടെ ഇടത് വശത്തായി മറ്റൊരു സംഘമുണ്ട്. യുവാക്കളും വൃദ്ധരുമാണ് ഉള്ളടക്കം. പത്ത് പേരുകാണും. നീണ്ട മനുഷ്യര്‍, ശുഭ്ര ജുബ്ബകള്‍ പൈജാമകള്‍ വട്ടത്തൊപ്പികള്‍ താടികള്‍. ഒട്ടും മനസിലാവാത്ത ഹിന്ദിസംസാരിക്കുന്നുണ്ടായിരുന്നു അവര്‍. പൊതുവെ നിശബ്ദരും.
തീവണ്ടി നിസാമുദ്ദീനില്‍ നിന്നും യാത്ര തുടങ്ങി. പാളങ്ങള്‍ക്കരികുപറ്റി കിലോ മീറ്ററുകള്‍ നീളുന്ന ചേരികളുടെ ദൃശ്യങ്ങള്‍ ഞങ്ങളുടെ വിന്റോസ്ക്രീനിലൂടെ കടന്നുപോയി. പ്ലാസ്റ്റിക് പായകള്‍ മേഞ്ഞ കുടിലുകള്‍ക്ക് മുമ്പില്‍ വള്ളി കട്ടിലുകളില്‍ ഉറക്കചടവോടെയിരിക്കുന്ന വൃദ്ധര്‍, പല്ലുതേക്കുന്ന സ്ത്രീകള്‍, റെയില്‍പാളങ്ങക്കരികില്‍ കൂട്ടമായി തൂറുന്ന കുട്ടികള്‍. ഞങ്ങളുടെ ഇടതുവശത്തെ നീണ്ട വൃദ്ധരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പോലെയുള്ള മനുഷ്യരെയാണ് കുടിലുകള്‍ക്ക് മുമ്പിലും കണ്ടത്. ഒരുപക്ഷെ ഇവരും അവിടുത്തുകാരായിരിക്കും.

കണ്ണെത്താദൂരം പരന്ന് കിടക്കുന്ന വയലുകള്‍ കണ്ട് തുടങ്ങി യാത്ര. വരണ്ടഭൂമി, പൊടിക്കാറ്റ്, തീയാളുന്ന ചൂട്. യാത്രികര്‍ ഉണ്ണാനുള്ള നേരത്തിനായി കാത്തിരുന്നു. മൂന്നു നേരത്തെ ഉണ്ണലും അതിലേക്കുള്ള കാത്തിരിപ്പും കൂടുമ്പോഴേക്കും രാത്രിയാകും. പിന്നെ ഉറക്കം.  ഇങ്ങനെ രണ്ട് ദിവസം കഴിയണം എറണാകുളത്തെത്താന്‍. ഉണ്ണലും അതിനിടയിലെ കാത്തിരിപ്പിനും പുറമേ അഞ്ച് നേരത്തെ നമസ്ക്കാരവുമായിരിക്കും നീളന്‍ കുപ്പായക്കാരായ യാത്രാസംഘത്തിന്റെ പ്രധാന നേരംപോക്ക്. സമയം തെറ്റാതെ അവരത് ചെയ്തുപോന്നു. ഒരു കൂപ്പയുടെ മുഖാമുഖമായ രണ്ട് ബെര്‍ത്തുകളുടെ ഇടയില്‍ വിരിച്ച് മൂത്ത കാര്‍ന്നോരും, ഇരു പുറത്തേയും ബെര്‍ത്തുകളില്‍ ഒരോ യുവാക്കളും എന്ന രീതിയിലാണ് നിസ്കാരത്തിന്റെ അറേഞ്ച്മെന്റ്. ഒരോ മൂവര്‍സംഘവും നമസ്കാരിക്കുമ്പോള്‍ മറ്റുള്ളോര്‍ ഊഴംകാത്ത് നോക്കിയിരിക്കും, വേണ്ട സൌകര്യമൊരുക്കും.  അഞ്ചാം നമസ്ക്കാരവും കഴിഞ്ഞതോടെ രാത്രിയായി. കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരെല്ലാം പത്ത് മണിയോടെ ബെര്‍ത്തുകളില്‍ ഉറക്കം തുടങ്ങി. ഞങ്ങള്‍ പന്ത്രണ്ട് മണിവരെ രാത്രിക്കാഴ്ചകളും കണ്ടിരുന്നു. പിന്നീടാണ് കിടന്നത്. ഒരുമണിയോടെ വണ്ടി ഏതോ പ്രധാന സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഞാനെഴുന്നേറ്റു. നാഗ്പൂര്‍ സ്റ്റേഷന്‍. കുപ്പിവെള്ളം വാങ്ങാനയി പ്ലാറ്റ് ഫോമിലിറങ്ങിയപ്പോള്‍ നീളന്‍കുപ്പായക്കാരില്‍ ഒരു പാതി അവിടെ ഇറങ്ങിയിരുന്നു. മറ്റേ പാതി യാത്ര തുടര്‍ന്നു.
യാത്രയുടെ രണ്ടാം ദിവസം ആന്ധാപ്രദേശില്‍ തുടങ്ങി. വെളുപ്പിന് ബാബാ ഭക്തര്‍ ബാബാബ്ലാക്ഷിപ്പെന്ന് ഭജനപ്പാടി. കൊട്ടും പാട്ടും കേട്ടാണ് അവള്‍ ഉണര്‍ന്നത്. ഞാന്‍ ഉണരാന്‍ പീന്നേയും വൈകി. അപ്പോഴേക്കും ബജന കഴിഞ്ഞ് രാമദേവഭക്തര്‍ അവിലും മലരും പഴവും കുഴച്ച് സേവിക്കുകയായിരുന്നു. ഉച്ചക്ക് മുമ്പേ വിശാഖപട്ടണമെത്തും. ഒരോ ഹൈദ്രാബാദ് ബിരിയാണി വാങ്ങാമെന്ന് ഞങ്ങള്‍ നിശ്ചയിച്ചിരുന്നു. അതിന് വേണ്ടിയുള്ള ഉശിരന്‍ കാത്തിരിപ്പിലായിരുന്നു പിന്നെ. അപ്പുറത്ത് ഉച്ച നമസ്ക്കാരം നടക്കുന്നതിനിടയിലാണ് പെട്ടന്നൊരു അലര്‍ച്ച കേട്ടത്. അതും പച്ച മലയാളത്തില്‍.
"എടുത്ത് മാറ്റ്റ ബാഗ് വഴീന്ന്"
ബാബഭക്തരിലെ മൂന്നു ആജാനബാബുമാരായിരുന്നു അത്. നമസ്ക്കാരത്തിനായി സ്ഥലമൊരുക്കിയപ്പോള്‍ നടവഴിയിലേക്ക് നീക്കി വച്ചിരുന്ന ബാഗണ് വിഷയം. പ്രാര്‍ത്ഥനാസംഘം ഞങ്ങള്‍ക്ക് മനസിലാകാത്ത ഹിന്ദിയില്‍ എന്തൊ മറുപടി പറയുകയും, ബാഗ് ഇരിക്കുന്നിടം ഒഴിച്ചുള്ള ഭാക്കി നടവഴി ചൂണ്ടി 'ഇതുവഴി പോകാ'മെന്ന് ആംഗ്യവും കാണിച്ചു.
സങ്ങതി സത്യമാണ്. ബാഗിരിക്കുന്നത് വഴിയില്‍ തന്നെയാണ്. പക്ഷെ അതൊരു ചെറിയ ബാഗാണ്. അതിനപ്പുറത്ത് നടക്കാനിടമുണ്ട്. അതിലൂടെയാണ് പാനിബോട്ടിലുകള്‍ നിറച്ച ബക്കറ്റ് ഒറ്റക്കയ്യിലേന്തി എത്രയോ വെള്ളക്കാര് പോയത്. ഒരുകയ്യില്‍ പൊള്ളുന്ന ചായക്കെറ്റിലും മറുകയ്യില്‍ ഗ്ലാസുമേന്തി എത്രയോ ചായക്കാര് അതുവഴിപോയി. അപ്പോഴൊന്നുമില്ലാതിരുന്ന മാര്‍ഗ്ഗതടസ്സം ഇപ്പോഴുണ്ടായിരിക്കുന്നു.
മറുപടിയില്‍ തൃപ്തരാവാതെ രാമദേവഭക്തര്‍ വീട്ടും ആക്രോശിച്ചു, പച്ചമലയാളത്തില്‍ തന്നെ.
"വഴീന്ന് ബാഗ്ട്ക്കടാ നായ്ക്കളെ, അല്ലെങ്കി ഞങ്ളെട്ത്ത് വെല്‍ച്ചെറിയും, അവര്ടൊരു നിസ്ക്കാരം, വണ്ടീലാപ്പൊ ഇതൊക്കെ".
ബഹളത്തിനിടയിലും മൂന്നു പേര്‍ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടിരുന്നു. എങ്കിലും നമസ്കാരത്തിന്റെ വേഗത കൂടി. അല്പം യാത്രികമായി. നമസ്കാരത്തിനായി ഊഴം കാത്തിരിക്കുന്നവരാണ് ബാബാഭക്തരോട് മറുപടി നല്‍കുന്നത്. അവര്‍ ഭയത്തോടെ അനുസരണയോടെ വഴിയിലെ ബാഗെടുത്ത് മാറ്റി.
തൃപ്തരായ രമദേവഭക്തര്‍ വിജയഭാവത്തോടെ മുണ്ട് കയറ്റിയുടുത്ത് ഞങ്ങള്‍ക്ക് മുന്നിലൂടെ കടന്ന് പോകുമ്പോള്‍ അതിലൊരു ഭക്തന്‍ ആരോടെന്നില്ലാതെ, എല്ലാവരും കേള്‍ക്കുമാറ് ആധികാരികമായി പ്രഖ്യാപിച്ചു.
"എത്ര പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തിട്ടാ ഇബിറ്റങ്ങള് വര്ണ്ന്നറിയോ.." ബാബാഭക്തരൊഴികെ മറ്റ് യാത്രികരെല്ലാം നിശബ്ദരായി രംഗം വീക്ഷിക്കുകയായിരുന്നു. പ്രത്യേകസാഹചര്യത്തില്‍ അവരെല്ലാം വേഗം നമസ്കാരം പൂര്‍ത്തിയാക്കി. ഭയത്തിന്റെ കാര്‍മേഘം അവരുടെ മുഖത്തെ വിഴുങ്ങിയിരുന്നു അപ്പോഴേക്കും. കണ്ണുചിമ്മാതെ അവരെന്തോ ആലോചിക്കും പോലെ തോന്നി. തുര്‍ന്നുള്ള മൂന്നുനമസ്കാരങ്ങളിലും ആ യാന്ത്രികത പ്രകടമായി. പ്രാര്‍ത്ഥനക്കിടയിലേക്ക് ആക്രോശിച്ചുകൊണ്ടോരു രൂപം ചാടിവീണേക്കാമെന്ന് ഭയക്കുന്നപോലെ. കണ്ണുകള്‍ ചിമ്മുന്ന നിമിഷത്തിലെ ഇരുട്ടിനെ പോലും പേടിച്ചിരുന്നു അവര്‍. രാത്രി പതിനൊന്നു മണിയോടെ സേലം ജംഗ്ഷനില്‍ അവര്‍ ഇറങ്ങി. ഞാനപ്പോള്‍ തലേന്ന് നാഗ്പൂരിലിറങ്ങിയ നീളന്‍കുപ്പായക്കാരെക്കുറിച്ചോര്‍ത്തു.
My photo
ottappalam, kerala, India