Tuesday, November 25, 2014

പൂസായ മാര്‍ക്സ്

വര: മിഥുന്‍ മോഹന്‍


ലണ്ടന്‍ തെരുവില് ‍മാര്‍ക്സുമൊത്ത് മദ്യപിച്ച് ലക്കുകെട്ട സായാഹ്നത്തെക്കുറിച്ച് 40 വര്‍ഷത്തിന് ശേഷം വില്‍ഹെം ലീബ്കനറ്റ്ച്ച് എഴുതിയത്.

വൈകുന്നേരം ഞാനും കാള്‍ മാര്‍ക്സും എഡ്ഗര്‍ ബോവറും ചേര്‍ന്ന് ബിയറടിക്കാമെന്ന പദ്ധതിയുമായി ഇംഗ്ലണ്ടിലെ ഹൈഗേറ്റിലെ ഞങ്ങളുടെ താവളത്തില്‍ നിന്ന് നഗരത്തിലേക്കിറങ്ങി. ബെര്‍ലിന്‍ കാലത്ത് കിട്ടിയതും പിന്നീടൊരിക്കലും പിരിഞ്ഞിട്ടില്ലാത്തതുമായ  കൂട്ടാണ് മാര്‍ക്സും  എഡ്ഗറും തമ്മിലുള്ളത്. ഓക്സ്ഫോര്‍ഡ് തെരുവില്‍ നിന്ന് തുടങ്ങി എല്ലാ മദ്യശാലകളിലും കയറി നിയന്ത്രണം കൈവിടാതെ ഓരോ ഔണ്‍സളവില്‍ കഴിച്ചാലും ഹാംസ്റ്റഡ് റോഡ് എത്തുമ്പോഴേക്കും പണി പാളുമെന്ന് അന്ന് മനസിലായി, അത്രയധികം ചാരായക്കടകളുണ്ടവിടെ.  എന്നിരുന്നാലും ഞങ്ങള്‍ സധൈര്യം മുന്നോട്ട് നീങ്ങി. ടോട്ടന്‍ഹാം കോടതി റോഡിന്റെ അറ്റം വരെ കാര്യമായ അപകടങ്ങളൊന്നുമില്ലാതെ എത്തി.

അവിടെവച്ചാണ് ഒരു മദ്യശാലയില്‍ നിന്നുമുയര്‍ന്ന പാട്ട് ഞങ്ങളെ ആകര്‍ഷിച്ചത്. ഒരുകൂട്ടമാളുകള്‍ വലിയ ആഘോഷത്തിലാണെന്ന് കയറിച്ചെന്നപ്പോള്‍ മനസ്സിലായി. കൂത്താടിക്കൊണ്ടിരുന്ന കൂട്ടത്തിലെ ചിലര്‍ ഞങ്ങളെ വന്ന് പരിചയപ്പെടുകയും ഇംഗ്ലീഷുകാരുടെതായ തനത് ആതിഥ്യ മര്യാദകളോടെ അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ആവേശത്തോടെ ഞങ്ങള്‍  ക്ഷണം സ്വീകരിച്ചു. വളരെപ്പെട്ടെന്ന് തന്നെ വര്‍ത്തമാനം രാഷ്ട്രീയത്തിലെത്തി. ഞങ്ങള്‍ ജര്‍മ്മന്‍ അഭയാര്‍ത്ഥികളാണെന്ന് ഒറ്റനോട്ടത്തില്‍ അവറ്റകള്‍ക്ക് മനസിലായി. ഞങ്ങളെയൊന്ന് സുഖിപ്പിക്കാനെന്നവണ്ണം അതില്‍ ചിലര്‍ ജര്‍മ്മന്‍ രാജകുമാരന്‍മാരെയും റഷ്യന്‍ പ്രമാണിമാരെയും പറ്റി പച്ചക്ക് അധിക്ഷേപിക്കാന്‍ തുടങ്ങി. 'റഷ്യന്‍' എന്നതുകൊണ്ട് അവരുദ്ദേശിച്ചത് 'പ്രഷ്യന്‍' എന്നാണ്. കേവലം വാക്കുകളിലെ സാമ്യംകൊണ്ട് മാത്രമല്ല, ഇംഗ്ലീഷുകാര്‍ക്ക് പൊതുവെ  'പ്രഷ്യനും' 'റഷ്യനും' തമ്മില്‍ മാറിപ്പോകാറുണ്ട്.



അങ്ങനെ തടസ്സങ്ങളേതുമില്ലാതെ വര്‍ത്തമാനവും മദ്യവുമൊഴുകുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ആ ഒഴുക്ക് നിലച്ചു. ഇംഗ്ലീഷുകാരില്‍ ചിലരുടെ വര്‍ത്തമാനം എഡ്ഗര്‍ ബോവറിന് നന്നായിക്കൊണ്ടു. അവന്‍ ഇംഗ്ലീഷ് അല്‍പ്പന്‍മാരെ തെറിവിളിച്ചുകൊണ്ട് മേശ തലകീഴായി മറിച്ചിട്ടു. അപ്പുറത്ത് സന്ദര്‍ഭത്തിനൊത്തുയര്‍ന്ന മാര്‍ക്സ് ആവേശഭരിതനായി ജര്‍മ്മന്‍ ശാസ്ത്രത്തേയും സംഗീതത്തേയും വാഴ്ത്തിക്കൊണ്ട്പാടി -"ഞങ്ങടെ ബിഥോവന്‍, മൊസാര്‍ട്ട്, ഹേണ്ടല്‍, ഹെയ്ഡന്‍, സംഗീതത്തിന്റെ അതികായന്‍മാര്‍, വേറെ ഏത്ര രാജ്യക്കാര്‍ക്കുണ്ടെടോ ഇങ്ങനെ എണ്ണിപ്പറയാന്‍? ഇംഗ്ലണ്ടില്‍ എന്തുണ്ടയാ ഉള്ളത്? ഒരു മൂളിപ്പാട്ട് പോലുമില്ലാത്ത ഇംഗ്ലീഷുകാര്, അവരുടെ ക്ഷീണിച്ച രാഷ്ട്രീയ സാമ്പത്തിക സ്ഥിതിമൂലം ഇതുവരെ ഒരു മഹത്തായ സൃഷ്ടിപോലും നടത്താത്തോര്. മറ്റ് രാജ്യങ്ങളെ മുടിപ്പിക്കാന്‍ മാത്രമറിയാം.” മാര്‍ക്സ് ഇത്രേം നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത് ഞാനിതുവരെ കേട്ടിട്ടുണ്ടായിരുന്നില്ല.

എന്റെ ഭാഗം കുറച്ച് കനപ്പെട്ട ഭാഷയില്‍ തന്നെ ഞാനവതരിപ്പിച്ചു. "രാഷ്ട്രീയാവസ്ഥയുടെ കാര്യത്തില്‍ ഇംഗ്ലണ്ട് ജര്‍മ്മനിയേക്കാള്‍ ഒരു തരി പോലും മുമ്പിലല്ല. ഒരു വ്യത്യാസമെന്തെന്നാല്‍ ഓരോ ജര്‍മ്മന്‍കാരനുമറിയാം തങ്ങളുടെ രാജ്യത്തെ രാഷ്ടീയകാര്യങ്ങള്‍ ഇത്തിരി ക്ഷീണമാണെന്ന്. എന്നാല്‍ ഇംഗ്ലീഷുകാര്‍ക്ക് സ്വന്തം രാജ്യത്തെക്കുറിച്ച് ഒരു ചുക്കുമറിയില്ല. രാഷ്ട്രീയമായ വകതിരിവിന്റെ കാര്യത്തില്‍ ഞങ്ങളെ വെല്ലാനൊന്നും ഇംഗ്ലീഷുകാരായിട്ടില്ല.”

ഞങ്ങളായി തുടങ്ങിവച്ച കച്ചറ സാമാന്യം വഷളായതോടെ എഡ്ഗര്‍ ബോവര്‍ തന്റെ വലിയ തോക്കെടുത്ത്  ഇംഗ്ലീഷുകാര്‍ക്ക് നേരെ ചൂണ്ടി. അടക്കിപ്പിടിച്ചും പിന്നീട് ശബ്ദമുയര്‍ത്തിയും ഇംഗ്ലീഷ് കൂട്ടം "പണ്ടാര വിദേശികള്‍" എന്ന്  ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അന്തരീക്ഷമെങ്ങും ഭീഷണികള്‍ മുഴങ്ങി, തലച്ചോറുകളില്‍ ചോര പെരുത്തുകേറി, മുഷ്ടികള്‍ വായുവിലുയര്‍ന്ന് വീശി. അതിനിടെ ഞങ്ങള്‍ നേടിയ  നേരിയ മേല്‍ക്കൈ മുതലെടുത്ത് സാമാന്യം അന്തസായിതന്നെ ബഹളത്തില്‍ നിന്ന് പുറത്തുചാടി രക്ഷപ്പെട്ടു.



ബിയറടി പാര്‍ട്ടിക്ക്  ഞങ്ങള്‍ കണക്കാക്കിയ സമയം എപ്പോഴെ കഴിഞ്ഞിരുന്നു. അതുകൊണ്ടും ഉള്ളിലെ വികാരം കെട്ടടങ്ങാത്തതിനാലും ഞങ്ങളുടെ നടത്തത്തിന് അസാധാരണമായ വേഗത കൈവന്നു. നടത്തത്തിനിടെ എഡ്ഗര്‍ ബോവര്‍ തെന്നിവീഴുന്നത് വരെ ആ കുതിപ്പ് ഞങ്ങള്‍ നിലനിര്‍ത്തി. കല്ലുകള്‍ പതിച്ച വഴിയില്‍ കമിഴ്ന്നടിച്ചുവീണ എഡ്ഗര്‍ ചാടിയെണീറ്റ്പറഞ്ഞു. "ഹായ്..ഒരു ഐഡിയയുണ്ട്". വികൃതിയായ സ്കൂള്‍ കുട്ടിയെപ്പോലെ അവന്‍ നിലത്ത് പതിച്ച കല്ല് ഇളക്കിയെടുത്തു. അടുത്ത നിമിഷം സമീപത്തെ വഴിവിളക്ക് തകര്‍ന്ന് തരിപ്പണമായി നിലത്ത് വീണു. വിവരക്കേട് പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു. മാര്‍ക്സും ഞാനും പുറകിലായില്ല. നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ നാലോ അഞ്ചോ വിളക്കുകള്‍ വഴിയില്‍ ചിന്നിച്ചിതറി. സമയം പുലര്‍ച്ച രണ്ടുമണിയായിരുന്നതിനാല്‍ വഴി പൊതുവെ വിജനമായിരുന്നു. എന്നിരുന്നാലും പൊട്ടിച്ചിതറുന്ന ശബ്ദം റോന്തുചുറ്റുന്ന പൊലീസുകാരന്റെ ചെവിയിലെത്തി. ദൂരെയുള്ള പൊലീസുകര്‍ക്ക് അപായസൂചന നല്‍കി ചൂളംവിളികള്‍ മുഴങ്ങി. പ്രതിധ്വനി പോലെ മറുപടി ചൂളങ്ങളും കേട്ടു. രംഗം ഗുരുതരമായി!

ഭാഗ്യത്തിന്റെ ഒരു കളിയായിരുന്നു പിന്നീട്, സംഗതി കൈവിട്ട് പോവുമെന്ന് ഞൊടിയിടയില്‍ ഞങ്ങള്‍ക്ക് മനസിലായി. നില്‍ക്കുന്ന സ്ഥലമോ സുപരിചിതം. പിടികൂടാനായി പാഞ്ഞുവരുന്ന മൂന്നോ നാലോ പോലീസുകാരെ ഏറെ പിന്നിലാക്കി ഞങ്ങളുടെ ഉജ്ജ്വലമായ മുന്നേറ്റം. രണ്ട് തെരുവുകളെ ബന്ധിപ്പിക്കുന്ന ഇടവഴിയിലേക്കുള്ള ഞങ്ങളുടെ നിര്‍ണ്ണായകമായ തിരിവ് പന്തയത്തില്‍ വഴിത്തിരിവായി. പോലീസുകാര്‍ ദയനീയമായി തോറ്റു. സുരക്ഷിത സ്ഥാനത്തേക്ക് പ്രവേശിച്ചതായി അതോടെ ഞങ്ങള്‍ക്ക് മനസിലായി. പോലീസുകാരുടെ കൈവശം ഞങ്ങളെ പറ്റി ഒരു തുമ്പുമില്ല എന്ന ആശ്വാസത്തില്‍, കൂടുതല്‍ സാഹസങ്ങള്‍ക്ക് മുതിരാതെ സ്വന്തം താവളത്തിലേക്ക് കയറി.

ഉടവിടം: Karl Marx: Biographical Memoirs, by Wilhelm Liebknecht. First German edition, Nuremberg, 1896; first English translation (by E Untermann), 1901. Reprinted by Journeyman Press, London, 1975.

മൊഴിമാറ്റം: ദീപക്.എ.ജി.
(2014 ഓഗസ്ത് 24 ന് 'അഴിമുഖ'ത്തില്‍ പ്രസിദ്ധീകരിച്ചത്)

അധ്യാപകദിനത്തെ പുച്ഛിച്ചു തള്ളുന്നത് എന്തുകൊണ്ട്?


ഇരുപത്തഞ്ചോളം കുട്ടികളുള്ള ക്ലാസില്‍ , വീട്ടില്‍ വൈദ്യുതിയുള്ള രണ്ടോ മൂന്നോ കുട്ടികളില്‍ ഒന്ന് ഞാനായിരുന്നു എന്നത് എന്റെ കുറ്റമാണോ? പിന്നെ എന്തിനാണ് എല്‍.പി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ മിക്ക ദിവസങ്ങളിലും ചോദ്യം ചോദിക്കുയും  ഉത്തരം പറയാതെ  അന്തംവിട്ടുനില്‍ക്കുന്ന കൂട്ടത്തില്‍ എന്നോട് മാത്രം "നിന്റെയൊക്കെ വീട്ടില്‍ കറണ്ട് ഉണ്ടായിട്ട് നീയിങ്ങനെ, ഇവരൊക്കെ മണ്ണെണ്ണ വിളക്ക് കത്തിച്ചാണ് പഠിക്കുന്നത് എന്നെങ്കിലും വിചാരിക്കാം, എന്ത് ചോയ്ച്ചാലും മിഴിച്ച് നിന്നോളും" എന്ന്  നിങ്ങള്‍  ചീത്ത വിളിച്ചത്? നിങ്ങള്‍ കാണാപ്പാഠം പഠിക്കാന്‍ പറഞ്ഞിരുന്ന ബോറന്‍ പദ്യങ്ങളും, ശ്വാസം മുട്ടിക്കുന്ന വഴിക്കണക്കുകളുമെല്ലാം എനിക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടാണ് ഞാന്‍ നിങ്ങളെ അനുസരിക്കാതിരുന്നത്.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മലയാളം ടീച്ചറാണ് യാതൊരു മുന്നറിയിപ്പും തരാതെ ഒരുനാള്‍ ക്ലാസില്‍ വന്ന് നഖം വളര്‍ന്ന് അഴുക്കുകയറി കറുത്തിരിക്കുന്ന വിരലുകളുള്ള കുട്ടികളെ മുഴുവന്‍ നിരത്തി നിര്‍ത്തി കൈപ്പത്തിയുടെ പുറത്ത് പുളിവാറലുകൊണ്ട് തല്ലിയത്. ടീച്ചര്‍ ഇടക്കിടെ വൃത്തിയെ പറ്റി നീണ്ട ക്ലാസുകള്‍ തന്നെ എടുക്കാറുണ്ടായിരുന്നല്ലോ. ക്ലാസിലെ 'വൃത്തിയുള്ളവരെ'യും 'വൃത്തിയില്ലാത്തവരെ'യും നിങ്ങള്‍ എത്രവൃത്തിക്കാണ് വേര്‍തിരിച്ചിരുന്നത്?

കുരിശിന്റെ ആകൃതിയിലുള്ള ചെമ്പ് ലോക്കറ്റ് മോഷ്ടിച്ചു എന്നാരോപിച്ച് ഏഴാംക്ലാസില്‍ പഠിക്കുന്ന അശോകേട്ടനെ സ്കൂളിന്റെ മുറ്റത്ത് വച്ച് പോത്തിനെ തല്ലുന്ന മുടിയങ്കോലുകൊണ്ട് അവന്റെ അച്ഛനും ചൂരലുകൊണ്ട് ശങ്കരന്‍കുട്ടിമാഷും തല്ലിയത് ഞങ്ങള്‍ മരത്തിന്റ ജനലഴികളിലൂടെ വിറയോടെ നോക്കിനിന്നിട്ടുണ്ട്. അശോകന്റെ കാലില്‍ ചുവന്ന വടുകള്‍ കൊണ്ട് എന്നന്നേക്കുമായി നിങ്ങളന്ന് കൊത്തിവച്ചത് കള്ളന്‍ എന്ന മുദ്രയല്ലേ?

ഹൈസ്കൂളിലെ എട്ട് സി സംസ്കൃതം ക്ലാസിലെ പഠിപ്പിസ്റ്റും കലോല്‍സവങ്ങളിലെ താരവുമായിരുന്ന സുഭദ്രക്ക് പ്രേമലേഖനം കൊടുത്തു എന്ന കുറ്റത്തിന് എട്ട് ഐ ക്ലാസില്‍ പഠിച്ചിരുന്ന രജീഷിനെ സ്റ്റാഫ് റൂമിലേക്ക് വിളപ്പിച്ച് നിങ്ങള്‍ അഞ്ച് മാഷന്‍മാര്‍ വളഞ്ഞിട്ട് തല്ലിയിരുന്നല്ലോ.  അതോടെ അവന്‍ പഠിപ്പ് നിര്‍ത്തി കൂലിപ്പണിക്ക് പോയതിനെ പറ്റി നിങ്ങള്‍ അന്വേഷിച്ചുകാണില്ല. കാരണം സ്കൂളിന്റെയോ അവിടുത്തെ അധ്യപകരുടെയോ 'യശസ്സ്' ഉയര്‍ത്തുന്നവനോ, അവളെപ്പോലെ ശ്രേഷ്ടമായ ജാതിയില്‍ പെടുന്നവനോ അല്ല രജീഷ് എന്ന് നിങ്ങള്‍ പണ്ടേ മനസിലാക്കിയിരുന്നല്ലോ.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ രവിചന്ദ്രനെന്ന ഹിന്ദിമാഷ്, സ്ഥിരമായി ക്ലാസിലെത്തി കുട്ടികളെ ഒരോരുത്തരെയായി മാഷിന്റെ മേശക്കരികില്‍ നിര്‍ത്തി  പാഠഭാഗം വായിപ്പിക്കുമായിരുന്നു. എല്ലാവരെകൊണ്ടും എന്നും വായിപ്പിക്കില്ല, പക്ഷെ എന്നും ശ്രീജുവിനെകൊണ്ട് വായിപ്പിക്കും. മേശക്ക്മേല്‍ അയാളിരിക്കും. വായനക്കിടയില്‍ വരുന്ന തെറ്റുകള്‍ക്കും തപ്പലുകള്‍ക്കും ഓരോ അടിവീതം പെരടിക്കിട്ട് കൊടുക്കും. ദിവസേന അമ്പതിലതികം അടികിട്ടും. കരയുകയല്ല. എന്നാലും വായന കഴിയുന്നതോടെ കണ്ണുകളില്‍ നിന്ന് വെള്ളം കുടുകടെ ചാടും. എടോ രവിചന്ദ്രാ, തന്ന അടിയെല്ലാം ഇന്നല്ലെങ്കില്‍ നാളെ തിരിച്ച് തരണമെന്ന് കണക്ക്കൂട്ടി പകയോടെ കാത്തിരിക്കുന്ന ശ്രീജിത്ത്.എന്‍ എന്ന ഒമ്പത് ഇ ക്ലാസിലെ പഴയ വിദ്യാര്‍ത്ഥിയെ നിനക്ക് അറിയുമോ? ഇന്ന് എംഎ സോഷ്യോളജി ക്ലാസില്‍ അറിയാവുന്ന കാര്യം പോലും അവതരിപ്പിക്കാനാവാതെ കുടുങ്ങുമ്പോള്‍ പിന്നില്‍നിന്ന് പെരടിക്ക് തല്ലാനോങ്ങി നില്‍ക്കുന്ന നിന്റെ കയ്യിനെ അവന്‍ ഭയക്കുന്നത് ഞാന്‍ കാണാറുണ്ട്.

പ്ലസ് ടു കൊല്ലപ്പരീക്ഷയുടെ ഭാഗമായി നടക്കുന്ന വൈവക്കായി അകത്ത് കയറിയ എന്നോട് രജിസ്റ്റര്‍ നമ്പര്‍ ചോദിക്കുകയും കയ്യിലെ ഹാള്‍ടിക്കറ്റ് നോക്കി ഞാന്‍ രജിസ്റ്റര്‍ നമ്പര്‍ പറയാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ''അത് പറ്റില്ല, ഒരു വിദ്യാര്‍ത്ഥി രജിസ്റ്റര്‍ നമ്പര്‍ പോലും പഠിക്കാതെയാണോ പരീക്ഷക്ക് വരുന്നത്?" എന്ന വിചിത്രമായ ചോദ്യം ചോദിച്ച് ആക്രോശിച്ച് എന്നെ മുറിയില്‍ നിന്ന് പുറത്താക്കിയ ഒരു അധ്യാപകനുണ്ട്. (വൈവ നടത്താനായി എവിടെ നിന്നോ കെട്ടിയെഴുന്നള്ളിയതാണ്) അവനെ പിന്നീടൊന്നും കണ്ടിട്ടില്ല. വേറെയൊന്നിനുമല്ല, രജിസ്റ്റര്‍ നമ്പര്‍ കാണാപാഠം പഠിച്ചില്ലെന്ന പേരില്‍ എന്തിനാണെന്നെ വൈവക്ക് അനുവദിക്കാതെ പുറത്താക്കിയതെന്ന് ചോദിക്കാനാണ്. അന്നത് ചോദിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലായിരുന്നു.



പ്രിയ കുരുക്കന്‍മാരേ, നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ എന്റെ മനസില്‍ വരാറുള്ളതില്‍ ചിലത് മാത്രമാണ് മുകളില്‍ പറഞ്ഞത്. അതായത് ഇനിയും ഒരുപാടുണ്ട് പറയാനെന്ന്. 2010 ലാണ് ഇംഗ്ലീഷ് റോക്ക് ബാന്റായ പിങ്ക് ഫ്ലോയ്ഡിന്റെ (Pink Floyd) 'ദി വാള്‍' (The Wall) എന്ന മ്യൂസിക് ഫിലിം കാണുന്നത്. അതിലെ 'അനതര്‍ ബ്രിക്ക് ഇന്‍ ദി വാള്‍' (Another Brick in the wall - Part 2) എന്ന ഭാഗത്തില്‍ അധ്യാപകരാല്‍ അടിച്ചമര്‍ത്തപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് സ്കൂള്‍ അടിച്ച് പൊളിച്ച് തീയിടുന്ന രംഗമുണ്ട്. എന്നെ വല്ലാതെ ആകര്‍ഷിച്ച ആല്‍ബമണത്. സമാനമായ സംഭവം വാണിയംകുളം സ്കൂളില്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉണ്ടായി. സ്കൂളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് പോലെയായിരുന്നു പുതിയ ഭരണപരിഷ്കാരങ്ങള്‍. ഉച്ചഭക്ഷണം 20 മിനുട്ട് കൊണ്ട് കഴിച്ച് തീര്‍ത്ത് ബാക്കി സമയം ക്ലാസില്‍ കയറിയിരിക്കണം. മൈതാനത്ത് ആരെങ്കിലും കളിക്കുന്നുണ്ടെങ്കില്‍ പല ദിക്കുകളില്‍ നിന്നായി വീരശൂരപരാക്രമികളായ അധ്യാപകര്‍ ചൂരലുമെടുത്ത് വന്ന് ആട്ടി ക്ലാസില്‍ കയറ്റും. ഒഴിവ് സമയങ്ങളില്‍ ആലിന്റെ ചുവട്ടില്‍ കൂട്ടം കൂടി നില്‍ക്കരുത്. സ്കൂളിന്റെ അതിര്‍ത്തിക്ക് പുറത്തേക്ക് പോകുരുത്. അങ്ങനെ നീളുന്ന കരിനിയമങ്ങള്‍. സ്വാഭാവികമായും ആ വര്‍ഷം തന്നെ സ്കൂളില്‍ എസ്എഫ്ഐയുടെ യൂണിറ്റ് പ്രവര്‍ത്തനം സജീവമായി. ഞാനും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എ.കെ ആന്റണി മുഖ്യമന്ത്രിയും, നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന കാലത്തെ വിദ്യാഭ്യാസ കച്ചവട പരിപാടികളില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ സംസ്ഥാനത്താകെ സമരം തുടങ്ങിയ സമയം. തിരുവന്തന്തപുരത്തെ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് ചെയ്തതതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്ലാ വിദ്യാലയങ്ങളിലും പഠിപ്പ്മുടക്കി. ഞങ്ങളും മുടക്കിച്ചു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും ലാത്തിചാര്‍ജ്, പഠിപ്പുമുടക്കാന്‍ സംസ്ഥാനകമ്മറ്റിയുടെ ആഹ്വാനം. കാലത്ത് സ്കൂളിന് മുമ്പില്‍ പഠിപ്പ്മുടക്കാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളെ നിരാശപ്പെടുത്തി ഏരിയാ കമ്മറ്റിയുടെ പ്രത്യേക നിര്‍ദ്ദേശം വന്നു. ഇന്നത്തെ പഠിപ്പ്മുടക്ക് കൊളേജുകളില്‍ മാത്രമാണ്, സ്കൂളുകളില്‍ വേണ്ട എന്ന്. അനുസരണയുള്ള അനുയായിയായിരുന്ന ഞാനും ഏതാനും 'നല്ല സഖാക്കളും' ക്ലാസിലേക്ക് പോകുമ്പോള്‍ ശേഷിക്കുന്ന 'കച്ചറകള്‍ ' അക്ഷമരായി കൂട്ടംകൂടി അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ക്ലാസുകള്‍ തുടങ്ങി അല്പനേരം കഴിഞ്ഞപ്പോഴേക്കും ദൂരേ നിന്ന് മുദ്രാവാക്യംവിളികള്‍ കേട്ടുതുടങ്ങി. മുദ്രാവാക്യം അടുത്തടുത്ത് വന്നു, കൂടുതല്‍ വ്യക്തമായി. സമരം ലാത്തിചാര്‍ജിനെതിരെയോ, വിദ്യാഭ്യാസ കച്ചവടത്തിനെതിരെയോ ആന്റണിക്കെതിരെയോ അല്ല. വട്ടോളിക്കും കൂട്ടാളികള്‍ക്കും എതിരെയാണ്. അതായത്, സ്കൂളിലെ കൊലകൊമ്പനായ പി.റ്റി മാഷിനും അയാളുടെ ശിങ്കിടികളായ മാഷുമ്മാര്‍ക്കുമെതിരെ.
"ആരാടായീ വട്ടോളീ, എവനാടായീ വട്ടോളീ, ചുണയുണ്ടെങ്കി പോരിനുവാടാ, അടിക്കും ഞങ്ങള് പൊളിക്കും ഞങ്ങള്, അടിച്ച് പോളിച്ച് നെരത്തും ഞങ്ങള്.."
പ്രകടനം എന്റെ ക്ലാസിനുമുമ്പിലെ വരാന്തയിലൂടെ കടന്ന് പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുമ്പിലെത്തിയതും 'സ്വാതന്ത്ര്യത്തിന്റ അനന്തമായ ബെല്ല്' മുഴങ്ങി. ആ കച്ചറ പിള്ളേര്‍, എന്റെ കൂട്ടുകാര്‍ അന്ന് നടത്തിയ സമരമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്കൂളുകളില്‍ ഇപ്പോള്‍ നടക്കേണ്ടത്. വ്യവസ്ഥയോട് ഇണങ്ങി, അനുസരണയുള്ളവരാക്കി കുട്ടികളെ വളര്‍ത്താന്‍ വേണ്ടി നിലനില്‍ക്കുന്ന സ്കൂളുകള്‍ , പോലീസിനെ പോലെ പെരുമാറുന്ന അധ്യാപകര്‍. വയറിളക്കം പിടിച്ച് കക്കൂസിലിരിക്കുമ്പോഴും ദേശീയഗാനം കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കണം, അല്ലെങ്കില്‍ പിടിച്ച് ജയിലിലിടും എന്നത് കൊണ്ട് മാത്രം 'ദേശസ്നേഹി'യാകുന്ന ദൌര്‍ഭാഗ്യരായ രാഷ്ട്രപൌരന്‍മാരെ പോലെ ചൂരല്‍പ്രയോഗത്തിന്റെ ചൂടുകൊണ്ടും, പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന പേടി കൊണ്ടും മാത്രമാണ് നിങ്ങളെ കാണുമ്പോള്‍ ഞങ്ങള്‍ മുണ്ട് താഴ്ത്തിയിടുന്നതും എഴുന്നേറ്റ് നിന്ന് 'ഗുഡ്മോര്‍ണിംഗ് സാര്‍/മാഡം' എന്ന് പറയുന്നതും. അതില്‍ കവിഞ്ഞ് ഒരു ബഹുമാനവും നിങ്ങള്‍ അര്‍ഹിക്കുന്നില്ല. നിങ്ങളാണ് ഞങ്ങളെ കള്ളനെന്ന് മുദ്രകുത്തിയത്, നിങ്ങളാണ് ഞങ്ങളുടെ പ്രണയത്തിന് നിരോധനമേര്‍പ്പടുത്തിയത്, നിങ്ങളാണ് വൃത്തി പഠിപ്പിച്ച് പഠിപ്പിച്ച് തൊട്ടുകൂടായമയിലെത്തിച്ചത്, നിങ്ങളാണ് ഞങ്ങളെ ദുര്‍ബലരും, പേടിത്തൊണ്ടന്‍മാരും/പേടിത്തൊണ്ടികളുമാക്കിയത്. നിങ്ങളാണ് ഞങ്ങളെ ഔദ്യോഗികമായി വയലന്‍സ്/അക്രമം പഠിപ്പിച്ചത്. അതിനാല്‍  അടിച്ച് പൊളിക്കാനുള്ള പ്രധാനപ്പെട്ട ഇഷ്ടികയാണ് ഈ വിദ്യാഭ്യാസ വ്യവസ്ഥ. കിട്ടിയ തല്ലിനെല്ലാം തിരിച്ച്തല്ലി പകരം ചോദിക്കാന്‍ കാത്തിരിക്കുന്ന കുട്ടികള്‍ മതിലിന്റെ നിര്‍ണ്ണായകമായ ഈ കല്ല് തകര്‍ക്കുക തന്നെ വേണം. അതിനാല്‍ അധ്യാപകദിനത്തെ പച്ഛിച്ച് തള്ളുന്നു!

Saturday, July 12, 2014

നാഗ്പൂരില്‍ ഇറങ്ങിയവര്‍

നിസാമുദ്ദീനില്‍ നിന്ന് രാവിലെ ആറുമണിക്കുള്ള മില്ലേനിയം എക്സ്പ്രസ്സില്‍ ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു.  ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റിലായിരുന്നു എങ്കിലും യാത്രക്ക് മുമ്പ് കണ്‍ഫേം അയി. അടുത്തടുത്ത സീറ്റുകളല്ല ഞങ്ങള്‍ക്ക് ഇന്ത്യന്‍ റയില്‍വേ നിശ്ചയിച്ചത് എന്നതായിരുന്നു അപ്പോഴത്തെ വിഷമം. വണ്ടിയില്‍ കയറിയ ഉടനെ അവള്‍ക്ക് കിട്ടിയ സൈഡ് ബെര്‍ത്തിലെ സഹസീറ്റുകാരനു ഞാന്‍ എന്റെ സീറ്റ് ഓഫര്‍ ചെയ്തു. അയാളത് കൂസലില്ലാതെ സ്വീകരിച്ചു. അവളുടെ സഹസീറ്റുകാരനായി അങ്ങനെ ഞാന്‍ ചേക്കേറി. യാത്ര ആനന്ദപ്രദവും സുഖകരവുമാക്കണമല്ലോ. ഒരു സൈഡ് ബെര്‍ത്തില്‍ മുഖാമുഖമിരുന്ന്, രണ്ട് ജനാലകള്‍ സ്വന്തമാക്കി, പരസ്പരം മാറിമാറി മടിയില്‍ തലവച്ചുകിടന്ന്, പകല്‍യാത്രുടെ ബോറടിമാറ്റാമെന്ന പദ്ധതിയാണ് അങ്ങനെ വിജയം കണ്ടത്. ഞങ്ങള്‍ക്കിരുവശവുമുള്ള യാത്രികര്‍ നിസാമുദ്ദീനില്‍ നിന്ന് തന്നെ കയറിക്കുത്തിരിക്കുന്നുണ്ടായിരുന്നു. വലത് വശത്തുള്ളവര്‍ മലയാളികളുടെ ഒരു സംഘമാണ്. ഇരുപതിനും നാല്‍പ്പതിനും ഇടക്ക് പ്രായം വരുന്ന ഒരു ഡസ്സന്‍ പേര്‍. ഒരാള്‍ക്ക് ജഡയുണ്ട്, ചിലര്‍ക്ക് താടിയുണ്ട്. പക്ഷെ ഭൂരിപക്ഷവും ക്ലീന്‍ഷേവാണ്. കയ്യിലും കഴുത്തിലും ചെമ്പ് വെള്ളി സ്വര്‍ണ്ണം മുതലായ ലോഹങ്ങളാല്‍ നിര്‍മ്മിച്ച ഗമണ്ടന്‍ ആഭരണങ്ങള്‍ ധരിക്കാന്‍ മിക്കവരും ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാവരും കാഷായ മുണ്ടുകാര്‍, അരക്കുമേല്‍ ശുഭ്ര ടിഷര്‍ട്ടുകാര്‍. ടിഷര്‍ട്ടിന്റെ പിന്നാമ്പുറത്തും ഇടനെഞ്ചിലും സാക്ഷാല്‍ ബാബാ രാംദേവ് ചിരിച്ച് നില്‍ക്കുന്ന ചിത്രം. രണ്ട് കൂപ്പകളിലായാണവരുടെ കിടപ്പ് ഇരിപ്പ്. രണ്ട് നേരവും കുളിക്കും. ഹിമാലയ പര്യടനവും ഉത്തരേന്ത്യന്‍ ക്ഷേത്രതീര്‍ത്ഥാടനവും കഴിഞ്ഞ് മടങ്ങുന്നവരാണെന്ന് പിന്നീട് മനസിലായി.
ഇതേ കമ്പാര്‍ട്ട്മെന്റില്‍ ഞങ്ങളുടെ ഇടത് വശത്തായി മറ്റൊരു സംഘമുണ്ട്. യുവാക്കളും വൃദ്ധരുമാണ് ഉള്ളടക്കം. പത്ത് പേരുകാണും. നീണ്ട മനുഷ്യര്‍, ശുഭ്ര ജുബ്ബകള്‍ പൈജാമകള്‍ വട്ടത്തൊപ്പികള്‍ താടികള്‍. ഒട്ടും മനസിലാവാത്ത ഹിന്ദിസംസാരിക്കുന്നുണ്ടായിരുന്നു അവര്‍. പൊതുവെ നിശബ്ദരും.
തീവണ്ടി നിസാമുദ്ദീനില്‍ നിന്നും യാത്ര തുടങ്ങി. പാളങ്ങള്‍ക്കരികുപറ്റി കിലോ മീറ്ററുകള്‍ നീളുന്ന ചേരികളുടെ ദൃശ്യങ്ങള്‍ ഞങ്ങളുടെ വിന്റോസ്ക്രീനിലൂടെ കടന്നുപോയി. പ്ലാസ്റ്റിക് പായകള്‍ മേഞ്ഞ കുടിലുകള്‍ക്ക് മുമ്പില്‍ വള്ളി കട്ടിലുകളില്‍ ഉറക്കചടവോടെയിരിക്കുന്ന വൃദ്ധര്‍, പല്ലുതേക്കുന്ന സ്ത്രീകള്‍, റെയില്‍പാളങ്ങക്കരികില്‍ കൂട്ടമായി തൂറുന്ന കുട്ടികള്‍. ഞങ്ങളുടെ ഇടതുവശത്തെ നീണ്ട വൃദ്ധരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ പോലെയുള്ള മനുഷ്യരെയാണ് കുടിലുകള്‍ക്ക് മുമ്പിലും കണ്ടത്. ഒരുപക്ഷെ ഇവരും അവിടുത്തുകാരായിരിക്കും.

കണ്ണെത്താദൂരം പരന്ന് കിടക്കുന്ന വയലുകള്‍ കണ്ട് തുടങ്ങി യാത്ര. വരണ്ടഭൂമി, പൊടിക്കാറ്റ്, തീയാളുന്ന ചൂട്. യാത്രികര്‍ ഉണ്ണാനുള്ള നേരത്തിനായി കാത്തിരുന്നു. മൂന്നു നേരത്തെ ഉണ്ണലും അതിലേക്കുള്ള കാത്തിരിപ്പും കൂടുമ്പോഴേക്കും രാത്രിയാകും. പിന്നെ ഉറക്കം.  ഇങ്ങനെ രണ്ട് ദിവസം കഴിയണം എറണാകുളത്തെത്താന്‍. ഉണ്ണലും അതിനിടയിലെ കാത്തിരിപ്പിനും പുറമേ അഞ്ച് നേരത്തെ നമസ്ക്കാരവുമായിരിക്കും നീളന്‍ കുപ്പായക്കാരായ യാത്രാസംഘത്തിന്റെ പ്രധാന നേരംപോക്ക്. സമയം തെറ്റാതെ അവരത് ചെയ്തുപോന്നു. ഒരു കൂപ്പയുടെ മുഖാമുഖമായ രണ്ട് ബെര്‍ത്തുകളുടെ ഇടയില്‍ വിരിച്ച് മൂത്ത കാര്‍ന്നോരും, ഇരു പുറത്തേയും ബെര്‍ത്തുകളില്‍ ഒരോ യുവാക്കളും എന്ന രീതിയിലാണ് നിസ്കാരത്തിന്റെ അറേഞ്ച്മെന്റ്. ഒരോ മൂവര്‍സംഘവും നമസ്കാരിക്കുമ്പോള്‍ മറ്റുള്ളോര്‍ ഊഴംകാത്ത് നോക്കിയിരിക്കും, വേണ്ട സൌകര്യമൊരുക്കും.  അഞ്ചാം നമസ്ക്കാരവും കഴിഞ്ഞതോടെ രാത്രിയായി. കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാരെല്ലാം പത്ത് മണിയോടെ ബെര്‍ത്തുകളില്‍ ഉറക്കം തുടങ്ങി. ഞങ്ങള്‍ പന്ത്രണ്ട് മണിവരെ രാത്രിക്കാഴ്ചകളും കണ്ടിരുന്നു. പിന്നീടാണ് കിടന്നത്. ഒരുമണിയോടെ വണ്ടി ഏതോ പ്രധാന സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഞാനെഴുന്നേറ്റു. നാഗ്പൂര്‍ സ്റ്റേഷന്‍. കുപ്പിവെള്ളം വാങ്ങാനയി പ്ലാറ്റ് ഫോമിലിറങ്ങിയപ്പോള്‍ നീളന്‍കുപ്പായക്കാരില്‍ ഒരു പാതി അവിടെ ഇറങ്ങിയിരുന്നു. മറ്റേ പാതി യാത്ര തുടര്‍ന്നു.
യാത്രയുടെ രണ്ടാം ദിവസം ആന്ധാപ്രദേശില്‍ തുടങ്ങി. വെളുപ്പിന് ബാബാ ഭക്തര്‍ ബാബാബ്ലാക്ഷിപ്പെന്ന് ഭജനപ്പാടി. കൊട്ടും പാട്ടും കേട്ടാണ് അവള്‍ ഉണര്‍ന്നത്. ഞാന്‍ ഉണരാന്‍ പീന്നേയും വൈകി. അപ്പോഴേക്കും ബജന കഴിഞ്ഞ് രാമദേവഭക്തര്‍ അവിലും മലരും പഴവും കുഴച്ച് സേവിക്കുകയായിരുന്നു. ഉച്ചക്ക് മുമ്പേ വിശാഖപട്ടണമെത്തും. ഒരോ ഹൈദ്രാബാദ് ബിരിയാണി വാങ്ങാമെന്ന് ഞങ്ങള്‍ നിശ്ചയിച്ചിരുന്നു. അതിന് വേണ്ടിയുള്ള ഉശിരന്‍ കാത്തിരിപ്പിലായിരുന്നു പിന്നെ. അപ്പുറത്ത് ഉച്ച നമസ്ക്കാരം നടക്കുന്നതിനിടയിലാണ് പെട്ടന്നൊരു അലര്‍ച്ച കേട്ടത്. അതും പച്ച മലയാളത്തില്‍.
"എടുത്ത് മാറ്റ്റ ബാഗ് വഴീന്ന്"
ബാബഭക്തരിലെ മൂന്നു ആജാനബാബുമാരായിരുന്നു അത്. നമസ്ക്കാരത്തിനായി സ്ഥലമൊരുക്കിയപ്പോള്‍ നടവഴിയിലേക്ക് നീക്കി വച്ചിരുന്ന ബാഗണ് വിഷയം. പ്രാര്‍ത്ഥനാസംഘം ഞങ്ങള്‍ക്ക് മനസിലാകാത്ത ഹിന്ദിയില്‍ എന്തൊ മറുപടി പറയുകയും, ബാഗ് ഇരിക്കുന്നിടം ഒഴിച്ചുള്ള ഭാക്കി നടവഴി ചൂണ്ടി 'ഇതുവഴി പോകാ'മെന്ന് ആംഗ്യവും കാണിച്ചു.
സങ്ങതി സത്യമാണ്. ബാഗിരിക്കുന്നത് വഴിയില്‍ തന്നെയാണ്. പക്ഷെ അതൊരു ചെറിയ ബാഗാണ്. അതിനപ്പുറത്ത് നടക്കാനിടമുണ്ട്. അതിലൂടെയാണ് പാനിബോട്ടിലുകള്‍ നിറച്ച ബക്കറ്റ് ഒറ്റക്കയ്യിലേന്തി എത്രയോ വെള്ളക്കാര് പോയത്. ഒരുകയ്യില്‍ പൊള്ളുന്ന ചായക്കെറ്റിലും മറുകയ്യില്‍ ഗ്ലാസുമേന്തി എത്രയോ ചായക്കാര് അതുവഴിപോയി. അപ്പോഴൊന്നുമില്ലാതിരുന്ന മാര്‍ഗ്ഗതടസ്സം ഇപ്പോഴുണ്ടായിരിക്കുന്നു.
മറുപടിയില്‍ തൃപ്തരാവാതെ രാമദേവഭക്തര്‍ വീട്ടും ആക്രോശിച്ചു, പച്ചമലയാളത്തില്‍ തന്നെ.
"വഴീന്ന് ബാഗ്ട്ക്കടാ നായ്ക്കളെ, അല്ലെങ്കി ഞങ്ളെട്ത്ത് വെല്‍ച്ചെറിയും, അവര്ടൊരു നിസ്ക്കാരം, വണ്ടീലാപ്പൊ ഇതൊക്കെ".
ബഹളത്തിനിടയിലും മൂന്നു പേര്‍ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടിരുന്നു. എങ്കിലും നമസ്കാരത്തിന്റെ വേഗത കൂടി. അല്പം യാത്രികമായി. നമസ്കാരത്തിനായി ഊഴം കാത്തിരിക്കുന്നവരാണ് ബാബാഭക്തരോട് മറുപടി നല്‍കുന്നത്. അവര്‍ ഭയത്തോടെ അനുസരണയോടെ വഴിയിലെ ബാഗെടുത്ത് മാറ്റി.
തൃപ്തരായ രമദേവഭക്തര്‍ വിജയഭാവത്തോടെ മുണ്ട് കയറ്റിയുടുത്ത് ഞങ്ങള്‍ക്ക് മുന്നിലൂടെ കടന്ന് പോകുമ്പോള്‍ അതിലൊരു ഭക്തന്‍ ആരോടെന്നില്ലാതെ, എല്ലാവരും കേള്‍ക്കുമാറ് ആധികാരികമായി പ്രഖ്യാപിച്ചു.
"എത്ര പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തിട്ടാ ഇബിറ്റങ്ങള് വര്ണ്ന്നറിയോ.." ബാബാഭക്തരൊഴികെ മറ്റ് യാത്രികരെല്ലാം നിശബ്ദരായി രംഗം വീക്ഷിക്കുകയായിരുന്നു. പ്രത്യേകസാഹചര്യത്തില്‍ അവരെല്ലാം വേഗം നമസ്കാരം പൂര്‍ത്തിയാക്കി. ഭയത്തിന്റെ കാര്‍മേഘം അവരുടെ മുഖത്തെ വിഴുങ്ങിയിരുന്നു അപ്പോഴേക്കും. കണ്ണുചിമ്മാതെ അവരെന്തോ ആലോചിക്കും പോലെ തോന്നി. തുര്‍ന്നുള്ള മൂന്നുനമസ്കാരങ്ങളിലും ആ യാന്ത്രികത പ്രകടമായി. പ്രാര്‍ത്ഥനക്കിടയിലേക്ക് ആക്രോശിച്ചുകൊണ്ടോരു രൂപം ചാടിവീണേക്കാമെന്ന് ഭയക്കുന്നപോലെ. കണ്ണുകള്‍ ചിമ്മുന്ന നിമിഷത്തിലെ ഇരുട്ടിനെ പോലും പേടിച്ചിരുന്നു അവര്‍. രാത്രി പതിനൊന്നു മണിയോടെ സേലം ജംഗ്ഷനില്‍ അവര്‍ ഇറങ്ങി. ഞാനപ്പോള്‍ തലേന്ന് നാഗ്പൂരിലിറങ്ങിയ നീളന്‍കുപ്പായക്കാരെക്കുറിച്ചോര്‍ത്തു.

Monday, July 7, 2014

ദാരിദ്രം

രണ്ട് മാസത്തെ വേനലവധികഴിഞ്ഞ് ഇന്ന് കാലത്ത് ഹോസ്റ്റലില്‍ എത്തി. അന്തേവാസികളധികവും തിരിച്ചെത്തിയിട്ടില്ല. മിക്ക മുറികളും പൂട്ടിക്കിടക്കുന്നു. പന്ത്രണ്ടാം നമ്പര്‍ മുറിയുടെ വാതിലിന് മുമ്പില്‍ ആരോ ചര്‍ദ്ദിച്ചതും കിടപ്പുണ്ട്. ആ വയസ്സന്‍ നായയാകണം. ഞാനും ശ്രീജൂം മുറിയിലേക്ക് കയറിയപ്പൊള്‍ മൂന്നാം സഹമുറിയന്‍ കട്ടിലിലും അവന്റെ നന്‍പന്‍ നിലത്ത് പായിലും കിടപ്പുണ്ട്. ഞങ്ങള്‍ കേറിയതും നന്‍പന്‍ ഉറക്കപ്പിച്ചില്‍ എഴുന്നേറ്റ് പായും മടക്കിപ്പോയി. മുറിയാകെ അലമ്പാണ്.  മറീനാബീച്ചിലെ പൊടി പരമാവധി മുറിക്കകത്ത് സ്ഥാനം പിടിച്ചിരുന്നു, നന്‍പന്‍ പായവിരിച്ചിടമൊഴികെ. വന്ന് കേറി പതിനഞ്ച് മിനുട്ടായിക്കാണും, മുറിക്ക് പുറത്ത് നിന്ന് കേട്ടുമറന്നിട്ടില്ലാത്ത ഒരു കരച്ചില്‍. കറുപ്പ്. ഞങ്ങളോമനിച്ച് വളര്‍ത്തിയിരുന്ന പൂച്ച. രണ്ട് മാസം മുമ്പ് വേനലവധിക്ക് പോകുമ്പോള്‍ ഇവള്‍  പ്രസവത്തിന് പോയതായിരുന്നു. ഒരാഴ്ച ഒരു വിവരവുമുണ്ടായിരുന്നില്ല. വയറ് വീര്‍ത്ത് നടക്കാന്‍ വയ്യാതെയാണ് അവസാനായി മുറിയില്‍ വന്നത്. പരോശമായിരിക്കുണു. മെലിഞ്ഞൊട്ടിയിരിക്കുന്നു. പ്രസവം കഴിഞ്ഞ് നന്നായൊന്ന് ഉണ്ടിട്ടുണ്ടാവില്ല. അന്നടച്ചതാണ് മെസ്സ്. ഇനിയും രണ്ടാഴ്ച്ച കഴിയും തുറക്കാന്‍. വേനലവധിക്ക് ഹോസ്റ്റലിലുണ്ടാവുക പിഎച്ച്ഡി സ്കോളേഴ്സായിരിക്കും. അവരില്‍ നിന്നൊരു വറ്റുപോലും  പ്രതീക്ഷിക്കണ്ട.

എത്രപെട്ടാന്നാണവള്‍ ഞങ്ങളുടെ മണം പിടിച്ചെത്തിയത്. പഴയ അധികാരത്തോടെ തന്നെ  മുറിയിലേക്ക് കയറി. മുറിയാകെ പരതി. കരഞ്ഞു കൊണ്ട് കാലുകളില്‍ ശരീരമുരച്ച് ഞങ്ങളെ ഇക്കിളപ്പെടുത്തി. കൊണ്ടുവന്ന ബാഗെല്ലാല്ലാം മണത്തു. ഒടുവില്‍ വേസ്റ്റ് ബാസ്കറ്റിലേക്ക് ഏന്തിവലിഞ്ഞ് തലേന്ന് ഭക്ഷണം പാര്‍സല്‍ പൊതിഞ്ഞ കടലാസുകള്‍ കടിച്ചുവലിച്ച്  ബാസ്ക്കറ്റ് മറിച്ചിട്ടു. വേസ്റ്റെല്ലാം വാരി ഞാന്‍ കൊട്ടയിലിട്ടു. അവള്‍ കടിച്ച കടലാസ് മാത്രം കൊടുത്ത്  അവളെ പുറത്താക്കി ഞാന്‍ വരാന്തയിലൂടെ കുളിമുറിയിലേക്ക് നടന്നു. കവറിന്റെ ഉള്ളിലേക്ക് തലയിട്ട് കടലാസ് നക്കുകയായിരുന്നു കറുപ്പ്. വരാന്തയില്‍ വയസ്സന്‍നായ ഉറങ്ങുന്നത് കണ്ടു. പുതുമുഖങ്ങളായ കുറച്ച് പൂച്ചക്കുട്ടികളേയും. കറുപ്പിന്റെ മക്കാളായിരിക്കണം. പട്ടിണിക്കാലങ്ങള്‍.

കുളികഴിഞ്ഞ് വസ്ത്രം മാറി പത്ത് മണിയോടെ ഞങ്ങള്‍ യൂണിവേഴ്സിറ്റിയിലേക്ക് പോകാനായി മുറിക്ക് പുറത്ത് കടന്നു.  പന്ത്രണ്ടാം നമ്പര്‍ മുറിയുടെ മുമ്പില്‍ കറുപ്പ് നില്‍ക്കുന്നുണ്ടായിരുന്നു. അവളപ്പോള്‍ ചര്‍ദ്ദില്‍ ആര്‍ത്തിയോടെ തിന്നുകയായിരുന്നു.
ദാരിദ്രം എന്നാല്‍ ഇങ്ങനെയായിരിക്കുമല്ലേ.?

Saturday, March 8, 2014

ഒരു ചരിത്ര ഗവേഷണപാഠം


ഒരു അയ്യര്‍ക്ക് ചേര്‍ന്ന പണിയല്ല ഡോ.സുബരാമയ്യര്‍ ചെയ്യുന്നത് എന്ന സംസാരം ഭൂരിപക്ഷം പ്രൊഫര്‍മാരുടേയും ഇടയിലുണ്ടായിരുന്നു. ജനറല്‍ വിഭാഗത്തില്‍ അര്‍ഹരായ മത്സരാര്‍ത്ഥികളുണ്ടായിട്ടും രാമര്‍ എന്ന ഷെഡ്യൂള്ഡ് കാസ്റ്റുകാരനും തിരുച്ചിറപ്പള്ളിയിലെ അന്തിയൂരെന്ന കുഗ്രാമത്തില് നിന്നു് വരുന്നവനുമായ  ഒരുത്തന് റിസേര്‍ച്ച് സ്കോളറായി പ്രവേശനം നല്കിയതോടെയാണ് മേല്‍പ്പറഞ്ഞ സംസാരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. എന്നാല്‍ ഇടതുപക്ഷക്കാരായ പ്രൊഫസര്‍മാര്‍ക്കിടയില്‍ പ്രസ്തുത സംഭവം വലിയ മതിപ്പുണ്ടാക്കി. യൂണിവേഴ്സിറ്റിയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി ബ്രാഞ്ചില്‍ സുബരാമയ്യരെ ഉള്‍പ്പെടുത്തണം എന്നുവരെ ചര്‍ച്ചയുണ്ടായി. രാമറിനാണെങ്കിലോ, താന് എംഎ പഠിച്ച അതെ ഹിസ്റ്ററി ഡിപ്പാര്ട്ട്മെന്റില്‍, വിഭാഗം തലവാനായ സുബരാമയ്യരുടെ കീഴില്‍ തന്നെ പിഎച്ഡിയും ചെയ്യാന്‍ കിട്ടിയ അവസരം ഉണ്ടാക്കിയ സന്തോഷം ചില്ലറയല്ല. രാമറിന്റെ ചെറുപ്പത്തിലേ അമ്മാവും അപ്പാവും മരിച്ചതാണ്. തീപ്പെട്ടിക്കമ്പനിയില്‍ ജോലിക്ക് പോകുന്ന അക്കയാണ് വളര്‍ത്തിയത്. അഞ്ചാംക്ലാസുമുതല്‍ രാമറും പറ്റാവുന്ന പണിയൊക്കെ എടുത്തിട്ടുണ്ട്. എന്നാലും പഠിപ്പ് മുടങ്ങാന് അനുവദിച്ചിട്ടില്ല. തലേദിവസം പാതിരാവരെ പണിയെടുത്താലും പിറ്റേന്ന് ക്ലാസില്‍ പോയിരിക്കും. എന്തുപണിയും ചെയ്യും. ഇക്കാര്യം ഡോ.അയ്യര്‍ക്കും നന്നായിട്ടറിയാം. അതുകൊണ്ട് തന്നെയാണ് അര്‍ഹരായവരെ തള്ളി രാമറിനുതന്നെ  പ്രവേശനം കൊടുത്തത്. തന്റെ 'കീഴില്'രാമറിനെ പഠിപ്പിക്കാനുള്ള മോഹം!
ഏതെങ്കിലും തരത്തിലുള്ള തൊട്ടുകൂടായമ അവര്‍ക്കിടയില്‍ ഉള്ളതായി യൂണിവേഴ്സിറ്റിയില്‍ ആരും പറയില്ല. കാരണം ഡോ.അയ്യര്ക്കെപ്പോഴും രാമര്‍ കൂടെ വേണം. ഇടനേരങ്ങളില്‍ കോഫിയും ഉഴുന്നുവടയും കഴിക്കുന്നത് മുതല് ദിവസേന ഫ്ലാറ്റില് നിന്ന് യൂണിവേഴ്സിറ്റിയിലേക്കും അതുപോലെ തിരിച്ചും ഉള്ള കാറ് യാത്ര പോലും ഇരുവരും ഒരുമിച്ചാണ്. ചില ദിവസങ്ങളില്‍ അയ്യരുടെ ഫ്ലാറ്റിലാണ് രാമറിന്റെ കിടപ്പ് പോലും. ഒരുമിച്ചുള്ള കാറ് യാത്രകള്‍ തൂടങ്ങിയത് കഴിഞ്ഞ കൊല്ലമാണ്. ഗവേഷണത്തിന് ചേര്ന്ന് നാലുമാസം കഴിഞ്ഞ്, ഒരു ദിവസം വൈകുന്നേരം ഡോ. അയ്യര് വീട്ടിലേക്ക് പോകാനായി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ച് സാധിക്കാതെ ഓഫീസിലേക്ക് തിരിച്ച് വന്നു. രാമറ് ഓഫീസിലിരിപ്പുണ്ടായിരുന്നു, റിസേര്‍ച്ച് സ്കോളേഴ്സിന് പ്രത്യേകം മുറിയൊന്നുമില്ല. ഡോ.അയ്യര്‍ മേശമേലിരിക്കുന്ന ടെലഫോണ്‍ ഡയറക്റ്ററിയില്‍ നിന്നും ഒരു നമ്പറെടുത്ത് ഫോണില്‍  കറക്കി.
"ഇത് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ത് പേശ്റെ,
"കാറ് കംപ്ലേന്റ് ആയാച്ച്,"
"ആമ, ആമ.."
"യൂണിവേഴ്സിറ്റി സൌത്ത് ഗേറ്റ്ക്ക് പിന്നാടിയാ പാര്‍ക്ക് പണ്ണീട്ട്ര്‍ക്കെ".
"എങ്കെ പേര് സുബ്ബരാമയ്യര്".
"ചെരി, ചെരി, കണ്ടിപ്പ." ഫോണ് വച്ച്  രാമറിനോട് ചോദിച്ചു.
"നിനക്ക് ഡ്രൈവിംഗ് തെരിയുമാ?"
"തെരിയും സര്". രാമര്‍ പറഞ്ഞു.
"കാര്‍ കംപ്ലൈന്റ് ആയാച്ച്, റിപ്പയര്‍ ചെയ്യാനാളു വരും, നീ അയാള്‍ വരുന്നതും കാത്ത് സൌത്ത് ഗേറ്റില് പോയി നില്ക്ക്, നേരെയാക്കിയതിന് ശേഷം  കാറൊന്നു വീട്ടിലേക്കെത്തിക്കണം. വൈകീട്ട് വേറെ തെരക്കൊന്നും ഇല്ലല്ലോ?"
"ഇല്ല സര്‍".
"ഞാന് ഒരു ഓട്ടോ പിടിച്ച് പോവുകയാണ്."
"ഓകെ സാര്‍, കണ്ടിപ്പ, ഞാന് കാറുമായി വരാം".
കാറു നേരെയാക്കി. കാറ് ഓടിച്ച് രാമര്‍ ഹെഡിന്റെ വീട്ടിലെത്തിച്ചു. ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ജീപ്പും ഓട്ടോറിക്ഷയും സ്ഥിരമായി ഓടിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും  മാരുതി  എയ്റ്റ് ഹണ്ട്രഡ് ഓടിക്കുന്നത്  ആദ്യമായാണ്. എന്നാല്, അന്നുമുതല്  രാമറ് സ്ഥിരമായി മാരുതി കാര്‍ ഓടിക്കാന് തുടങ്ങി. ഡോ.അയ്യരുടെ ഡ്രൈവറായിട്ട്. പിന്നീടങ്ങോട്ട് ഡോ.അയ്യര്‍ കാറോടിച്ചിട്ടേയില്ല എന്ന് പറയാം. അങ്ങനെ സാര്‍ പങ്കെടുക്കുന്ന പല സെമിനാറുകളിലും സാറോടൊപ്പം പങ്കെടുക്കാന് രാമറിനു അവസരം കിട്ടി. സെമിനാറുകള്‍ മാത്രമല്ല, ആവടിയില്‍ വച്ച് നടന്ന പ്രൊഫസര്‍ സുമതിയുടെ മകളുടെ കല്യാണത്തിനു പങ്കെടുക്കാനുള്ള അവസരവും കിട്ടിയത് സാറിന്റെ ഡ്രൈവറായിപോയിട്ടാണ്. അവിടെ മുതലാണ്  അയ്യര്‍ സാറുടെ വീടിനും കുടുംബത്തിനും രാമര്‍ ഒരു അവിഭാജ്യഘടകമാകുന്നത്. രാമറില്ലാതെ വീട്ടില് ഒരുകാര്യവും നടക്കില്ല എന്ന അവസ്ഥ പോലും ഉണ്ടായി. വീട്ടുസാധനങ്ങള് വാങ്ങല്‍, കറണ്ടുബില്ലടക്കല്‍ എന്നിവയില്‍ തുടങ്ങി പെയ്ന്റിംഗ് പൂര്ത്തിയാക്കാതെ വച്ചിരുന്ന മുറിയില്‍ നല്ല വെടിപ്പായി വെള്ളപൂശിയത് പോലും അവനായിരുന്നു. ഏല്‍പ്പിക്കുന്ന എല്ലാ ജോലിയും  ഉഷാറാക്കി ചെയ്യും, പൂര്ണ്ണമായ ആത്മാര്‍ത്ഥതയോടെ, അയ്യര്‍ സാറിന് വേണ്ടി ജോലി ചെയ്യുക എന്നാല്‍ രാമറിനൊരു ആവേശം പോലെയാണ്. നല്ല ഭക്ഷണം കിട്ടിയിരുന്നു. അതും സാറിന്റെ ഭാര്യ ലക്ഷ്മിയക്കാവുടെ കൈകൊണ്ടുണ്ടാക്കിയത്. ഈ സുവര്ണ്ണാവസരങ്ങള്‍ക്കെല്ലാം നിമിത്തമായ ആ കാറു കേടാവലിനെ ഒരു പ്രത്യേക സ്നേഹത്തോടെ ഓര്‍ക്കാറുണ്ട് ഇരുവരും. ഇരുവര്ക്കുമിടയില്‍ സംഘര്‍ഷത്തിന്റേയോ, അസംതൃപ്തിയുടേയോ ഒരു കണിക പോലും കാണാനാകില്ല. ആകെയുള്ളത് അധീശത്വവും വിധേയത്വവും മാത്രം.

ഡോ.അയ്യരോട് മറ്റ് പ്രൊഫസര്‍മാര്‍ക്കുള്ളതിനേക്കാള്‍ അതൃപ്തി എക്ണോമിക്സ് ഡിപ്പാര്ട്ട്മെന്റിലെ പ്രൊഫ.മഹേശ്വരിക്കുണ്ടായിരുന്നു. കാരണെമെന്താ? ഡോ.അയ്യരും  പ്രൊഫ.മഹേശ്വരിയും തമ്മിലുള്ള ബന്ധം അങ്ങനെയായിരുന്നു. പ്രൊഫ.മഹേശ്വരിക്കാണെങ്കിലോ, രാമറിനെ  സ്കോളറാക്കിയ നടപടി മൂലം അയ്യര് സാറോടുള്ള അവരുടെ താത്പര്യം (നേരിയതോതിലാണെങ്കിലും) കുറായാന് പോലും കാരണമായി. സാര്ക്കു മാഡത്തോടുള്ള ഈ പ്രത്യേക താത്പര്യത്തെ പറ്റി രാമറിനും നന്നായിട്ടറിയാം. എന്നാല്‍ അയ്യര്‍സാറുമായുള്ള പ്രത്യേകബന്ധത്തെ ഉപയോഗിച്ച് രാമറിന്റെ മേല്‍ അധികാരം കാണിക്കാനുള്ള പ്രൊഫ.മഹേശ്വരിയുടെ ഒരു പരിപാടിയും  അവന്‍ അനുവധിച്ചില്ല. അങ്ങനെയിരിക്കെ, അയ്യര്‍സാര്‍ എഴുതി പുറത്തിറക്കാന് പോകുന്ന പുസ്തകത്തിന്റെ പ്രൂഫ് റീഡിംഗ് പണി ചെയ്തുരുന്നത് രാമറാണ്. പകല്  ഓഫീസിലും രാത്രിസമയം സാറിന്റെ വീട്ടിലുമായി തകൃതിയായ ജോലി. അന്ന് അയ്യര്‍ സാര്‍ നേരത്തേ വീട്ടിലേക്ക് തിരിച്ചിരുന്നു. രാത്രി എട്ടു മണിയോടെ രാമറും സാറിന്റെ വീട്ടിലെത്തി. രാമര്‍ കയറിച്ചെല്ലുമ്പോള്‍ അയ്യര്‍സാറും ലക്ഷ്മിയക്കാവും അത്താഴം കഴിക്കുകയായിരുന്നു. നിറചിരിയോടെ ലക്ഷ്മിയക്കയാണ് വാതില്‍ തുറന്നത്. വീടിനകത്ത് കടന്നതും അയ്യര്‍സാര്‍ വിളിച്ചു,
ഏയ് രാമറ്.. ഇങ്കെ വാങ്കോ. അസാധാരണമായ ഗൌരവം ആ വിളിയിലുള്ളതായി രാമറിന് മനസിലായി. രാമറ് അടുത്തേക്ക് ചെന്നു.
"സാര്" സവിനയംമോഡില് രാമര് ഉത്തരങ്ങള് പറയാന് തുടങ്ങി.
"എന്നായിത്, ആഫ്റ്റര്‍നൂണ്‍ വന്ത് പ്രൊഫ.മഹേശ്വരി ഓഫീസിലേക്ക് വിളിച്ചിരുന്നോ?"
പ്രൂഫ് റീഡിംഗ് ചെയ്തുകൊണ്ടിരുന്ന സമയത്ത് മഹേശ്വരിമാഡം തന്നെ വിളിച്ചതും അടുത്ത മാസം ബോംബെ യൂണിവേഴ്സിറ്റിയില്‍ വച്ച്  നടക്കുന്ന ഇന്ത്യന്‍ എകണോമിക്സ് കോണ്‍ഫറെന്‍സിന് പോകാനുള്ള ടിക്കറ്റ് ബുക്ക്ചെയ്യാന്‍ അന്നേരം സെന്‍ട്രല്‍ റെയില്‍ വേ സ്റ്റേഷ‍ന്‍ വരെ  പോകണമെന്ന് തന്നോട് ആവശ്യപ്പെട്ടതും, താന്‍ അത് നിരസിച്ചതും രാമറിന്റെ മനസില്‍ മിന്നി.
"ഓഫീസിലെ ഫോണിലേക്കാണ് വിളിച്ചത്, മാഡത്തിന് ബോംബെക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന് സ്റ്റേഷനില്‍ പോവാന് പറഞ്ഞു, ഞാനപ്പോള് പ്രൂഫ് റീഡിംഗിന്റെ തിരക്ക്.."
രാമര്‍ മറുപടി മുഴുമിപ്പിക്കുന്നതിന് മുമ്പേ ഡോ.അയ്യര് കേറി ഇടപെട്ടു. നിന്റെ വിശദീകരണമൊന്നും വേണ്ട, അദ്ധ്യാപകരെ ബഹുമാനിക്കാന് പഠിക്കണം. നീയീ യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റാണ്, എന്റെ മാത്രം സ്റ്റുഡന്റല്ല. ഒരു യൂണിവേഴ്സിറ്റി സ്റ്റുഡന്റിന്റെ നിലവാരത്തിലേക്ക് എനിയെങ്കിലും ഉയരാന് നോക്ക്. ഡോ.അയ്യര് കടുപ്പിച്ചു പറഞ്ഞു. ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്ന ലക്ഷ്മിയക്ക  സംഭാഷണം കേട്ട് ഭര്‍ത്താവിനെ നോക്കി. ഇത്ര കടുപ്പിച്ച് പറയേണ്ട അവസ്ഥ ഇതിന് മുമ്പോന്നും സാറിന് വന്നിട്ടോ രാമര് വരുത്തിച്ചിട്ടോ ഇല്ല. അല്പനേരം മിണ്ടാതെ നിന്നതിന് ശേഷം രാമറ് പറഞ്ഞു.
"ഞാന് നാളെ ബുക്ക് ചെയ്തോളാമെന്ന് പറഞ്ഞതാണ്"
 കൂടുതലൊന്നും പറയാന് അനുവദിക്കാതെ വീണ്ടും ഡോ.അയ്യര് ഇടപെട്ടു.
"അനുസരണയാണ് ആദ്യം വേണ്ടത്. മഹേശ്വരി പറഞ്ഞത് ചെയ്താലെന്താ നിനക്ക്?"
 മറുപടിയിലോ വര്ത്തമാനത്തിലോ വലിയ കാര്യമില്ലെന്ന് രാമറിന് മനസിലായി. രാമറൊന്നും മിണ്ടിയില്ല. പക്ഷെ ലക്ഷ്മിയക്ക മിണ്ടി.
"അവങ്കളെ എത്ക്ക് നിങ്ങളിങ്ങനെ ചീത്ത പറയുന്നേ, നിങ്ങളു പറയുന്ന ജോലിയെല്ലാം കൃത്യമായി ചെയ്യാറുണ്ടല്ലോ.
"ഇവനൊരു യൂണിവേഴ്സിറ്റി സ്റ്റുഡന്റല്ലേ, യൂണിവേഴ്സിറ്റിയോടൊരു ഉത്തരവാദിത്തം വേണ്ടേ". അയ്യര് പറഞ്ഞു. ഇപ്പറഞ്ഞതോന്നും ഇന്നുണ്ടായ സംഭവത്തിന്റെ മാത്രം കാരണം കൊണ്ടല്ലെന്നും കുറച്ച് കാലമായി കുമിഞ്ഞ് കൂടിയതോ കുത്തിനിറച്ചതോ ആയ ദേഷ്യമാണെന്നും, അതിപ്പൊള്‍ അണപോട്ടി വന്നതാണെന്നും രാമറിന് ഓടി.
"നമുക്കറിയാലോ ഇവനെ. ഒന്നൊന്നര വര്‍ഷമായില്ലേ ഇവനെ കാണാന്‍ തുടങ്ങിയിട്ട്. ഈകാലത്തിനിടെ എന്തെങ്കിലും ഉത്തരവാദിത്വമില്ലായ്മ കാണിച്ചിട്ടുണ്ടോ?" ലക്ഷ്മിയക്ക രാമറ് പക്ഷത്ത് തന്നെ ഉറച്ച് നിന്നു.
"ഇപ്പൊക്കാണിച്ചത് കണ്ടില്ലേ, ആ മഹേശ്വരി എന്നെ വിളിച്ചിരുന്നു. അവരും യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസറല്ലേ, ഒരു സഹായം ചോദിച്ചാല്‍ ഇവനു ചെയ്താലെന്താ? അയ്യര്സാര് വിട്ടില്ല.
വേറെയേതോ പ്രൊഫസര് കൊടുത്ത പണി ചെയ്തില്ലെന്ന് പറഞ്ഞ് നിങ്ങളെന്തിനാ ഇവനോട് ചൂടാവുന്നേ?" ലക്ഷ്മിയക്ക പോയിന്റിലേക്ക് കടന്നു. 'വേറെയേതോ ലേഡി പ്രൊഫസര്' എന്ന് പറയാന് വന്നതിനെ എഡിറ്റ് ചെയ്താണ് ചോദിച്ചത്. ലക്ഷ്മിയക്കാവുടെ കാതലായ പ്രശ്നം അതാണല്ലോ. എന്നാല് ഒരു എഡിറ്റുമില്ലാതെ ഡോ.അയ്യര് സാറുടെ തിരിച്ചടിച്ചു.
"ഞാനിവനെ ചീത്ത വിളിക്കും. അവനെന്റെ സ്റ്റുഡന്റാ, ഇത് സ്റ്റുഡന്റ്-ടീച്ചര് റിലേഷന്‍ഷിപ്പാണ്. ഞാനിവനെ ചീത്തവിളിക്കുന്നത് നിനക്ക് സഹിക്കാത്തതെന്താ? നിനക്കെന്താ ഇവനൊടിത്ര താത്പര്യം?" ഭാര്യയുടെ മുഖത്തേക്ക് അയാള്‍ അല്പനേരം തുറിച്ച് നോക്കി.അത് തന്ത്രപരമായ ഒരു കൌണ്ടര്‍ അറ്റാക്കല്ല, ജെനുവിന്‍ ക്വസ്റ്റിനാണെന്ന് രാമറിനും ലക്ഷ്മിയക്കാവുക്കും മനസിലായി. പിന്നെ സംസാരമൊന്നും ഉണ്ടായില്ല.

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം, രാമര്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം മതിയാക്കി തൊട്ടപ്പുറത്തെ പ്രസിഡന്‍സി കോളെജില്‍ മറ്റൊരു ഗൈഡിനു കീഴില്‍ ഗവേഷണ പഠനം തൂടരാന്‍, ഹിസ്റ്ററി വിഭാഗം തലവനായ ഡോ.സുബ്ബരാമയ്യറില്‍ നിന്നും കിട്ടേണ്ട നൊ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് ഉടന്‍ വിദ്യാര്‍ത്ഥിക്ക് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചു.

Monday, February 17, 2014

ജെനി




കോഴിക്കോട് കൊടുവള്ളിക്കാര‌ന് മൂസാക്കാനെ ജെനിക്ക് ഭയങ്കരായിഷ്ടാവാനുള്ളകാരണം അതായിരുന്നു. കര്ത്താവ് കോഴിക്കോട്ട് കാരനാണ്. ജെനി ആദ്യമായും  അവസാനമായും കര്ത്താവിനെ കണ്ടപ്പൊ മൂപ്പര് സംസാരിച്ചതും മൂസാക്കാന്റെ പോലെ തനികോഴിക്കോടന് ഭാഷയിലായിരുന്നു. അതോണ്ട്, ജെനി ബിഎക്ക് പഠിക്കുന്ന മദ്രാസ് യൂണിവേഴ്സിറ്റിയില് എംഎ സോഷ്യോളജിക്ക് പഠിക്കുന്ന മൂസാക്ക എന്ത് വര്ത്താനം പറയണ് കേട്ടാലും ജെനിക്ക് അപ്പൊ കര്ത്താവിനെ ഓര്മ്മവരും. ചിലപ്പൊ കര്ത്താവിനോളം ഇഷ്ടം തോന്നും മൂസാക്കയോട് . കര്ത്താവിനോട് അവള്ക്ക് മറക്കാനാവാത്ത കടപ്പാടുണ്ടായിരുന്നു. കാരണം കര്ത്താവിന്റെ
മണവാട്ടിയാകാന് പോയ ജെനിയെ അവിടെനിന്ന് രക്ഷിച്ചതാരാ? സാക്ഷാല് കര്ത്താവ് തന്നെ!

കോച്ചുത്രേസ്യയുടെ തിരുസഭ നടത്തുന്ന ഷൊറണൂരിലെ സെന്റ്തെരേസാസ് ഗേള്സ് ഹയര്സെക്കന്ററിസ്കൂളില് പന്ത്രണ്ട് കൊല്ലം പഠിച്ച് റിസള്ട്ടും കാത്തിരിക്കുന്ന വേനല് കാലത്താണ് കന്യാസ്ത്രീയാവാന് ജെനി കോഴികോട് ദൈവവിളി ക്യാമ്പിന് പോകുന്നത്. അമ്മയുടെ ആഗ്രഹവും (നിര്ബന്ധവും) സിസ്റ്റര് ബിനി എന്ന സ്നേഹം നിറഞ്ഞ പഴയ സ്കൂള് ടീച്ചറോടുള്ള ആരാധനയുമാണ് അവളെ അവിടേക്കെത്തിച്ചത്. ദൈവവിളി വന്നവരെ മൊത്തമായി മണവാട്ടികളാക്കി കൊടുക്കുന്ന കൂടാരം. മണവാട്ടികളുടേയും മണവാട്ടികളാവാനെത്തിയവരുടേയും മണവാട്ടികളാക്കുന്നവുരുടേയും തിരക്ക്. ദൈവവിളി കേട്ടവരുടേയും, വിളി ദൈവത്തിന്റേയായിരുന്നോ എന്ന് ഒരുറപ്പുമില്ലാത്തവരുടേയും തിരക്ക്. ആകെ തിരക്ക്. ജെനിക്ക് ശ്വാസം മുട്ടി. അതിനുള്ളിലേക്ക് കടന്നപ്പോള് തുടങ്ങിയ ശ്വാസം മുട്ടലാണ്. ഒരുമാതിരിപ്പെട്ട മുട്ടൊക്കെ പന്ത്രണ്ട് കൊല്ലം സ്കൂളില് പഠിച്ച ഒരു കുട്ടിക്ക് കിട്ടീട്ടുണ്ടാവും. ഇത്പ്പോ അതിലൊന്നും നിക്കുന്ന മട്ടല്ല.
സത്യത്തില് ജെനിയെ ദൈവം വിളിച്ചതായി കേട്ടയാള് അവളുടെ അമ്മ റീനാമയാണ്. അതോണ്ട് ശരിക്കും ദൈവം വിളിച്ചര്ക്ക്ണോ ഇല്ല്യേന്ന് അവള്ക്കൊരൊപ്പുമില്ല. ഇങ്ങനെ സംശയമുള്ളവരുടെ വിളി സ്ഥിരീകരിക്കുക ‌‌‌‌‌ചില ശാസ്ത്രീയ പരീക്ഷണങ്ങളിലൂടേയാണ്. അതിനായി ജെനിയെ ഒറ്റക്ക് വിളിച്ചു ചോദിച്ചു,

"ജെനിമോള് ആണ്കുട്ടികളുമായി എങ്ങനെയുള്ള ബന്ധമാണ് പുലര്ത്തുന്നത്?"

ജെനിയുടെ പപ്പയും അനിയന് അനിലും ബിന്ദു ആന്റീടെ മോന് അലക്സും, പിന്നെ സ്കൂളിന് മുമ്പില് വന്ന് നിന്ന് കൊതിയോടെ വായ് നോക്കുന്ന കെവിആര് ബോയ്സ് സ്കൂളിലെ ചെക്കമ്മാരുമാണ് ജെന്നിയുടെ ദൈനംദിന ജീവിതത്തിലെ പുരുഷന്മാര്.

"പപ്പയും അനിയന്മാരുമല്ലാതെ വേറെ ആളുകളായി ഇനിക്ക്യ് വല്ല്യേ കൂട്ടൊന്നൂല്ല്യ".  ജെനി മറുപടി പറഞ്ഞു.

അതോടെ പരീക്ഷണം പൂര്ത്തിയായി. 'അതെ, ആണ്കുട്ടികളുമായി കൂട്ടുകൂടാന് ഈ പ്രായമായിട്ടും താത്പര്യം കാണിക്കാത്തത് തീര്ച്ചയായും ദൈവവിളിയുടെ ലക്ഷണമാണ്' എന്ന് നിഗമനവും രേഖപ്പെടുത്തി. അതോടെ ജെനി വീണ്ടും പുകഞ്ഞു. 'ആണ്കുട്ട്യോളോട് കൂട്ടുകൂടാന് ഒരു താത്പര്യക്കുറവും ണ്ടായിട്ടില്ല, അയ്നുള്ള അവസരം ണ്ടാവാത്തോണ്ട് മാത്രം സംഭവിച്ചതാണ്' എന്ന് തിരിച്ച് പറയാന് പറ്റാതിരുന്നതാണ്
അപ്പോള് ജെനിയെ പുകച്ചത്.

അന്ന്  രാത്രികഴിഞ്ഞത് ക്യാമ്പില് തന്നെയാണ്. ടാറുപോലെ കട്ടിയായ ഇരുട്ടും നിശബ്ദദയുമുള്ള വലിയ ഹാളില് അടുപ്പിച്ചടുപ്പിച്ച് ഇട്ടിരുക്കുന്ന കട്ടിലില് ജെനി ഉറങ്ങാന് കിടന്നു. ഏറെ അസ്വസ്ഥതകളുണ്ടായിരുന്നു എങ്കിലും അവള് പെട്ടന്നുറങ്ങി. അപ്പോഴാണ് കര്ത്താവിന്റെ കടന്ന് വരവ്. സ്വപ്നത്തില്. സ്വപ്നത്തിലും ജെനി ദൈവവിളിക്യാമ്പില് ഉറങ്ങുകയാണ്. കര്ത്താവ് വളരെ കൂളായി വന്ന് കട്ടിലിന്റെ അരികലിരുന്നു. ഉറങ്ങുന്ന ജെനിയെ തട്ടിയുണര്ത്തി ചോദിച്ചു.
"ഇജ്ജെന്തെയ്നു ഈടെ?"
"ഞാന് കര്ത്താവിന്റെ മണവാട്ട്യാവാന്..." ജെനിക്ക് മുഴുമിക്കാനായില്ല.
"ഞാമ്പഞ്ഞീനോ ന്റെ മണവാട്ട്യാവാന്?"
"ഇല്ല കര്ത്താവെ"
"പിന്നെ?, ഇജ്ജ് ബൈബിള് വായിച്ചക്ക്ണോ?"
"മുഴ്വോനില്ല. കൊറേക്കെ".
"വായിച്ചോടത്ത് ഏട്യേലും കണ്ടീനോ ഇക്ക്യ് മണവാട്ട്യോളെ വേണംന്ന്?" കര്ത്താവ് ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു.
"ഇല്ല കര്ത്താവെ". ജെനി വിനയത്തോടെ പറഞ്ഞു.
"ന്ന പൊരേ പോയ്ക്കോ, ന്നി ബ്ടെ നിക്കണ്ട." എന്നും പറഞ്ഞ് മുപ്പോരൊര് പോക്കാ പോയി.
കര്ത്താവിന് തീരെ ഇഷ്ടായിട്ടില്ലെന്ന് ജെനിക്ക് മനസിലായി. ജെനിക്ക് പേടിയായി. കര്ത്താവിനു ഇഷ്ടായില്ലല്ലോ! ജെനി സ്വപ്നത്തില് നിന്നും ഉറക്കത്തില് നിന്നും ഉണര്ന്നു. "നിക്ക് വീട്ട് പ്പോണം..നിക്കമ്മേ കാണണം". അവള് കരയാന് തുടങ്ങി. ഹാളില് കിടന്നുറങ്ങിയവരെല്ലാം കരച്ചില് കേട്ട് ഉണര്ന്നു. അവരെല്ലാം ചേര്ന്ന് ജെനിയെ സമാധാനിപ്പിച്ചു. രാവിലെ വിട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് ഒരുവിധത്തില് അവളെ ഉറക്കി.
പിറ്റേന്ന് കാലത്ത് കോഴിക്കോട്-ഷൊറണൂര് പാസഞ്ചരില് ജെനി വീട്ടിലേക്ക് തിരിച്ചു.

അങ്ങനെയാണ് ജെനിക്ക് കര്ത്താവിനോട് മറക്കാനാവാത്ത കടപ്പാടുണ്ടായതും, മൂസാക്കാനെ ഭയങ്കരായിട്ട് ഇഷ്ടാവുന്നതും.

My photo
ottappalam, kerala, India